ad
Deshabhimani

വിഷ്ണുമൂർത്തിയെത്തി

പള്ളിമുറ്റത്ത് മുഴങ്ങി, ഒരുമയുടെ ബാങ്കുവിളി

താഴത്തിടം പാടാർക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിൽനിന്ന് വിഷ്‌ണുമൂർത്തി പെരുമ്പട്ട ജുമാ മസ്ജിദിലെത്തി മുദരിസും ഖത്തീബുമായ മുനീർ ഫൈസി കാമിൽ നിസാമിയ്ക്ക് ഇളനീർ നൽകിയപ്പോൾ                                  ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
avatar
പി കെ രമേശൻ

Published on Feb 17, 2026, 03:00 AM | 1 min read

ഭീമനടി

‘നിസ്‌കാരം അഞ്ചുനേരവും പിറകൊണ്ട പെരുന്നാളും വ്രതങ്ങളുമായി ദീനിന്റെ വഴി മുടങ്ങാതീട്ടുതക്കവണ്ണം മാര്‍ഗം നടത്തുന്നുണ്ടല്ലോ അല്ലേ എന്റെ മാടായി നഗരേ’.....പെരുമ്പട്ട ജുമാമസ്‌ജിദിലെത്തിയ വിഷ്‌ണുമൂർത്തി തെയ്യമരുളിയപ്പോൾ മുഴങ്ങിയത്‌ പഴമവറ്റാത്ത മതസാഹോദര്യത്തിന്റെ നേർക്കാഴ്ചയായി മാറി. മസ്ജിദിൽ അസർ നിസ്കാരത്തിന് ബാങ്ക് വിളി മുഴങ്ങുമ്പോൾ തൊട്ടകലെയുള്ള പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടക്കാവിൽനിന്ന് എത്തിയ വിഷ്‌ണുമൂർത്തി തെയ്യം പള്ളി മുറ്റത്ത് എത്തി വാവമൊഴി നൽകാനായി കാതോർത്തുനിന്നു. താഴത്തിടം കളിയാട്ട സമാപനദിവസമായ തിങ്കളാഴ്ചയാണ് പെരുമ്പട്ട ജുമാ മസ്ജിദിലേക്ക് വിഷ്‌ണുമൂർത്തി തെയ്യമെത്തിയത്. പള്ളിമുറ്റത്ത് വിതറിയ അരിമണികളിൽ ചവിട്ടിനിന്ന് മുസ്ലീം സഹോദരങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച പരദേവത മാനവികതയുടെ ക്ഷേമമാണ് എല്ലാത്തിന്റെയും കാതലെന്നും പള്ളിയും പള്ളിയറയും എല്ലാം ഒന്നാണെന്നുമരുളി. പള്ളിമുറ്റത്തുള്ള എല്ലാവരേയും അനുഗ്രഹിച്ച് ബാങ്ക് വിളിയും നിസ്കാരവും മുടങ്ങാതെ കാക്കണമെന്ന് ഉപദേശിച്ചാണ്‌ തെയ്യം മടങ്ങിയത്‌. നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ വിഷ്‌ണുമൂർത്തിയുടെ വാക്കുകേൾക്കാൻ പള്ളിമുറ്റത്ത് ഒത്തുകൂടി. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് താഴത്തിടം ക്ഷേത്രത്തിനും പെരുമ്പട്ട ജുമാ മസ്ജിദിനും.പണ്ടുകാലത്ത് നെൽകറ്റകളിൽ ചവിട്ടിയാണ് പരദേവതയുടെ പള്ളി സന്ദർശനം. ക്ഷേത്ര സ്ഥാനികർ പള്ളിമുറ്റത്ത് ചന്ദനത്തിരികൾ കത്തിക്കുന്നതോടെയാണ് പരദേവതയുടെ വരവിളി മുഴങ്ങുക. വർഷങ്ങളായി തകര്‍ന്ന് കിടന്ന ക്ഷേത്രം 2011ലാണ് നവീകരിച്ചത്. ഇവിടുത്തെ മൂവാണ്ട് കളിയാട്ടത്തിന്‌ മുസ്ലീങ്ങൾ അടക്കമുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്‌. കളിയാട്ടത്തിനും ഉറൂസിനും പരസ്പരം സഹായമെത്തിക്കും. 12ന് തുടങ്ങിയ താഴത്തിടം കളിയാട്ടം തിങ്കൾ വൈകിട്ട് പാടാർക്കുളങ്ങര ഭഗവതിയുടെ തിരുമുടി താഴ്ന്നതോടെ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home