ഇടിഞ്ഞുവീണത്‌ 
ഇലകളുടെ പ്രാചീന മുദ്രകൾ

വീരമലക്കുന്നിലെ സസ്യമുദ്രകളടങ്ങിയ കളിമണ്ണടരുകൾ  ദേശീയപാതയിൽ പതിച്ചപ്പോൾ

വീരമലക്കുന്നിലെ സസ്യമുദ്രകളടങ്ങിയ കളിമണ്ണടരുകൾ ദേശീയപാതയിൽ പതിച്ചപ്പോൾ

avatar
കെ വി രഞ്‌ജിത്‌

Published on Jul 25, 2025, 02:30 AM | 2 min read

ചെറുവത്തൂർ

വീരമലക്കുന്നിൽ ബുധനാഴ്ച ഇടിഞ്ഞുവീണത് ഇലകളുടെ പ്രാചീന മുദ്രകളടങ്ങിയ കറുത്ത മണ്ണടരുകളും. അയ്യായിരം മുതൽ പതിനായിരം വർഷം വരെ പഴക്കമുള്ള ഇലകളുടെ ഫോസിൽ അടക്കം ചെയ്ത കളിമണ്ണടരുകളാണ്‌ ഇടിഞ്ഞുവീണത്. ഇടിഞ്ഞുവീണ ചെമ്മണ്ണുകൾക്കടിയിൽ കറുത്ത കളിമണ്ണടരുകൾ യഥേഷ്ടമുണ്ട്. പത്തുമീറ്റർ നീളത്തിൽ രണ്ട്‌ അട്ടികളായുള്ള കറുത്ത മൺഭാഗവും ഇപ്പോൾ തെളിഞ്ഞുകാണുന്നു. ഒരു വർഷം മുമ്പ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കവേയാണ്‌ കുന്നിന്റെ മധ്യഭാഗത്തായി കറുത്ത കളിമൺ അടരുകൾ ശ്രദ്ധയിൽപ്പെട്ടത്‌. ഇതേത്തുടർന്ന്‌ കാസർകോട് ഗവ. കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇലകളുടെ പ്രാചീന മുദ്രയണിഞ്ഞ കളിമൺകട്ട കണ്ടെത്തിയത്‍. ഇലകളുടെ ഫോസിലുകളുടെ പഴക്കം കൃത്യമായി അറിയാൻ കാർബൺ ഡേറ്റിങ് വേണ്ടിവരുമെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ. ഇ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത് മനസിലാക്കിയാൽ വീരമലക്കുന്ന് രൂപപ്പെട്ട വർഷവും കണക്കാക്കാം. വീരമലയിലും സമീപത്തെ കുളങ്ങാട്ട്‌ മലയിലും മേലെ കട്ടിയുള്ള ലാറ്ററൈറ്റ്‌ പാളിയും താഴെ ചെമ്മണ്ണടരുമാണ്. അമ്പതടി താഴ്ചയിൽ മണ്ണിൽപ്പെട്ട പ്രാചീന സസ്യകാണ്ഡങ്ങൾ പരിണമിച്ചുണ്ടായ ചാർക്കോളും അർധഫോസിലുകളായ മരക്കഷണങ്ങളുമാണ് സ്ലേറ്റ് നിറമുള്ള ചെളിക്കട്ടികൾക്കൊപ്പം കണ്ടെത്തിയത്‌. ഇവയിൽ പകുതിയോളം ബുധനാഴ്ച ഇടിഞ്ഞുവീണു. വീരമലയിൽ മലയല്ലാത്ത കാലത്ത് ഒഴുകിയടിഞ്ഞ കളിമണ്ണാണ് (സെക്കൻഡറി ബാൾക്ലേ) കറുത്ത ചെളിയട്ടിയിൽ വിചിത്ര കൗതുകമായി പരിണമിച്ചത്. ഇവയിലാണ് ഇലകളുടെ പ്രാചീനമുദ്ര. ഇന്ത്യയിൽനിന്നും അരനൂറ്റാണ്ടുമുമ്പ്‌ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കാച്ചിൽ ഇല ഫോസിലിനോട് സാമ്യമുള്ള സപുഷ്പി സസ്യ ഫോസിലാണ് കണ്ടതിലൊന്ന്. ഉരിപ്പ്, നാഗമരം തുടങ്ങി പല കാട്ടുമരങ്ങളുടെയും ഇലയോട് സാമ്യമുണ്ട് ഇതിന്‌. കുന്നിനുമീതെനിന്നും 70 അടി താഴ്ചയിലാണ് ഈ ഫോസിൽ അടര്‌. മാടായിപ്പാറയും വീരമലക്കുന്നുമൊക്കെ ഒരുകാലത്ത്‌ വെ ള്ളത്തിനടിയിലായിരിക്കാമെന്നും നദീമുഖത്ത് നിക്ഷേപിക്കപ്പെട്ട ചെമ്മൺകുന്നായിരിക്കാം വീരമലയെന്നും ഗവേഷകർ പറയുന്നു. കേരളത്തിൽ ആദ്യമായി സസ്യഫോസിൽ കണ്ടെത്തിയ പ്രദേശമെന്നുള്ള രീതിയിൽ ഭൂമിശാസ്ത്രപരമായും ജൈവശാസ്ത്രപരമായും ഏറെ പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ് വീരമലക്കുന്ന്. വീരമലക്കുന്നിനോട് സമാനമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം ജില്ലയിലെ വർക്കലക്കുന്നം, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ലാറ്ററേറ്റും ഇന്ത്യയിൽ ആകെയുള്ള 34 ഭൗമ പൈതൃകപ്രദേശങ്ങളിൽ വീരമലയെയും ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്.



ഗതാഗത നിയന്ത്രണം തുടരും

ചെറുവത്തൂർ

വീരമലക്കുന്നിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞതിനെതുടർന്ന് ഗതാഗത നിയന്ത്രണം തുടരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെറുവത്തൂർ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന യാത്രാവാഹനങ്ങൾ നീലേശ്വരം ദേശീയപാതയിൽനിന്നും കോട്ടപ്പുറം–- -മടക്കര വഴി ചെറുവത്തൂർ ദേശീയപാതയിലെത്തി യാത്ര തുടരണം. പയ്യന്നൂർ ഭാഗത്തുനിന്നും നിലേശ്വരം കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന യാത്ര വാഹനങ്ങൾ കോത്തായിമുക്ക്–-- കാങ്കോൽ–- -ചീമേനി–- കയ്യൂർ–- -ചായ്യോത്ത് വഴി നീലേശ്വരം ദേശീയ പാതയിൽ എത്തണം. ഇതുകൂടാതെ കരിവെള്ളൂർ–- - പാലക്കുന്ന്–- വെളളച്ചാൽ–- - ചെമ്പ്രകാനം–- -കയ്യൂർ –-ചായ്യോത്ത് വഴിയും നിലേശ്വരത്ത് എത്താം. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ റിപ്പോർട്ട് ലഭിക്കുന്നതുവരെ നിയന്ത്രണം തുടരും. ചെറുവത്തൂർ വീരമലക്കുന്ന് റൂട്ടിലൂടെ ഹെവി വാഹനങ്ങളും ലോറികളും മാത്രം കടത്തിവിടും. ബസ്സടക്കമുള്ള യാത്രാവാഹനങ്ങൾക്ക് ഇതുവഴഇ കടന്നുപോകാൻ അനുമതിയില്ലെന്ന്‌ കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home