ad
Deshabhimani

എങ്ങും കാൽപ്പാടുകൾ

മുള്ളേരിയയെ ഭീതിയിലാഴ്ത്തി പുലിശല്യം

നാവുങ്കാലിൽ  കണ്ടെത്തിയ പുലിയുടെ കാൽപ്പാടുകൾ

നാവുങ്കാലിൽ കണ്ടെത്തിയ പുലിയുടെ കാൽപ്പാടുകൾ

വെബ് ഡെസ്ക്

Published on May 28, 2026, 02:34 AM | 1 min read

മുള്ളേരിയ

ജയനഗർ, അംബികാ നഗർ, നാവുങ്കാൽ, കാനക്കോട് തുടങ്ങി മുള്ളേരിയ ടൗണിനോട് ചേർന്നുള്ള കാറഡുക്ക പഞ്ചായത്തിലെ ജനവാസ മേഖലകളിൽ പുലിയിറങ്ങിയതോടെ നാട് ഭീതിയിലായി. ജൂൺ ആദ്യവാരം സ്‌കൂളുകൾ തുറക്കാനിരിക്കെ കുട്ടികളെ പുറത്തുവിടാൻ പോലും കഴിയാത്ത അവസ്ഥയിലായി രക്ഷിതാക്കൾ. പ്രദേശത്ത് രണ്ട് പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം ധൂപ്പക്കാൽ ഹരീഷന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന രണ്ട് വളർത്തുനായകളെ പുലി പിടികൂടി. ഇതിൽ ഒന്നിനെ സമീപപ്രദേശത്ത് കൊന്നിട്ട നിലയിൽ കണ്ടെത്തിയെങ്കിലും രണ്ടാമത്തെ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഇതുവരെ അഞ്ച് നായ്ക്കളെയാണ് പുലി കൊന്നൊടുക്കിയത്. ഇതോടെ വലിയ തോതിലുള്ള ഭീതിയിലാണ് നാട്ടുകാർ കഴിയുന്നത്. ജയനഗറിൽ വീണ്ടും പുലിയെ കണ്ടതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ വനംവകുപ്പ് ഡിവിഷണൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർന്ന്‌ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. പുലിയെ ജനവാസ മേഖലയിൽനിന്നും എത്രയും വേഗം പിടികൂടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ എ ബാബു അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home