ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട്
ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനമൊരുക്കും

അപകടം തുരന്ന്... ചെർക്കള– ബേവിഞ്ച ഭാഗത്ത് ദേശീയപാത നിർമാണത്തിന് സംരക്ഷണ ഭിത്തിയൊരുക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കംചെയ്തപ്പോൾ അപകടഭീഷണിയിലായ പ്രദേശം. ഈ മേഖലയിലാണ് കഴിഞ്ഞദിവസം വീടുകൾക്ക് സമീപത്തേക്ക് വലിയ ശബ്ദത്തോടെ കല്ലും മണ്ണും താഴേക്ക് ഒഴുകിയെത്തിയത്
കാസര്‍കോട്
ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കാന്‍ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. കാസര്‍കോട് ആര്‍ഡിഒ ബിനു ജോസഫാണ് യോഗം വിളിച്ചത്. ചെര്‍ക്കള ടൗണിലെ മുഴുവൻ ഓവുചാലുകളെയും ദേശീയപാത ഓവുചാലുമായി ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കും. ഇവിടുത്തെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുന്നതിന് പാടി റോഡിന്റെ ഓവുചാല്‍ മുതല്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ഓവുചാൽ വരെ 2.5 മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ആഴത്തിലും പുതിയ ഓവുചാല്‍ പണിയും. നിലവിലെ പ്ലാന്‍ പ്രകാരം ദേശീയപാത അതോറിറ്റിക്ക് 1.4 മീറ്റര്‍ വീതിയുള്ള ഓട നിര്‍മിക്കാനേ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്രയും ചെറിയ ഓവുചാല്‍ നിര്‍മിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാകില്ലെന്ന യോഗത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്ന്, ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം വലിയ ഓവുചാല്‍ നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് കലക്ടറോട് ആവശ്യപ്പെടും. അഞ്ച് മീറ്റര്‍ ആഴത്തില്‍ ഇടവിട്ട് മാന്‍ഹോള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി ആവശ്യപ്പെട്ടുള്ള പ്രൊപ്പോസൽ കലക്ടർക്ക് കൈമാറും. ഓവുചാലിന്റെ ബാക്കി ഭാഗം കുണ്ടടുക്കം വലിയ തോടുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജോയിന്റ് ഡയറക്ടര്‍ മുഖേന കൈമാറാന്‍ ആര്‍ഡിഒ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ബേവിഞ്ച ഭാഗത്തെ വെള്ളക്കെട്ടും റോഡുകളുടെ അവസ്ഥയും കണ്ട് ബോധ്യപ്പെടുന്നതിനായി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഒന്പതിന് പകൽ 11ന് പ്രദേശം സന്ദര്‍ശിക്കും. പാലം ബലപ്പെടുത്തലും പരിശോധനയും പാലത്തിന് അടിയില്‍ മണ്ണ് കൂട്ടിക്കിടക്കുന്നത് ഒലിച്ചുപോകാതിരിക്കാന്‍ അടിയന്തിരമായി "ജിയോ ടെക്സ്ചര്‍' ചെയ്യാമെന്ന് നിര്‍മാണ കമ്പനി അധികൃതര്‍. മണ്‍സൂണിനുശേഷം താഴെ ഒരു കോണ്‍ക്രീറ്റ് ടോ വാള്‍ നിര്‍മിച്ചും മുകളിലേക്ക് ചെരിവായി കിടക്കുന്ന ഭാഗം ആര്‍സിസി ചെയ്‌ത് ബലപ്പെടുത്തും. പ്രവൃത്തികള്‍ വിലയിരുത്താന്‍ തിങ്കൾ രാവിലെ 10ന് നിര്‍മാണ കമ്പനി ജനറല്‍ മാനേജരും എൻജിനിയര്‍മാരും സ്ഥലത്ത് പരിശോധന നടത്തും. പുലിക്കുന്ന് ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് എന്നിവര്‍ സംസാരിച്ചു.










0 comments