വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ജയിലിലുള്ള പ്രതിയെ വീഡിയോ വഴി വിസ്തരിച്ചു

കാഞ്ഞങ്ങാട്
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് പോക്സോ പ്രത്യേക അതിവേഗ കോടതിയില്‍ ആരംഭിച്ചു. മറ്റൊരു പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കുടക് സ്വദേശി സല്‍മാനെ(22)കോടതി വീഡിയോ വഴി വിസ്തരിച്ചു. മേല്‍പ്പറന്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സുള്ള്യയിലെ വനാന്തരത്തില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് സല്‍മാന്‍. സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് സല്‍മാന്‍ പെണ്‍കുട്ടിയെ തന്റെ ഇരുചക്രവാഹനത്തില്‍ കയറ്റിയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ചെര്‍ക്കള ജാല്‍സൂര്‍ വഴി സുള്ള്യ അതിര്‍ത്തിയിലുള്ള വനാന്തരത്തിലേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ സല്‍മാന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സല്‍മാന്‍ കണ്ണൂര്‍ സെൻട്രൽ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജയിലില്‍ നിന്ന് വീഡിയോ വഴി സല്‍മാനെ കോടതി വിചാരണചെയ്തത്. ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പൊലീസുദ്യോഗസ്ഥരെ വരും ദിവസങ്ങളില്‍ വിസ്തരിക്കും.











0 comments