‘ബോംബെ’ താരങ്ങൾ വീണ്ടുമെത്തും ബേക്കലിലേക്ക്

കെ വി രഞ്‌ജിത്
Published on Sep 08, 2025, 02:30 AM | 2 min read
കാസർകോട്
പാറക്കെട്ടുകളിൽ തട്ടി പാൽനുരയായി ചിതറുന്ന തിരമാലകളെ സാക്ഷിനിർത്തി മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും. ആര്‍ത്തിരമ്പുന്ന തിരമാലകൾക്കൊപ്പം കാതൽമൊഴിയായി ഉയിരേ... എന്ന ഗാനവും. ബേക്കൽകോട്ടയുടെ ദൃശ്യഭംഗി ആവോളം പകർത്തിയ ‘ബോംബെ’ സിനിമയുടെ ശിൽപ്പികൾ 30 വർഷത്തിനുശേഷം വീണ്ടും ബേക്കലിലെത്തുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ എത്തിച്ച ‘ബോംബെ’ റിലീസായി 30 വർഷം തികയുന്ന വേളയിലാണ് സംവിധായകൻ മണിരത്നം, ഛായാഗ്രാഹകൻ രാജീവ് മേനോൻ, നായികാനായകന്മാരായ അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവരെ ബേക്കലിലെത്തിക്കാനുള്ള പദ്ധതിയൊരുങ്ങുന്നത്. സിനിമ റീലീസ് ചെയ്‌തവർഷം സംസ്ഥാന സർക്കാർ രൂപീകരിച്ച ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഇതിനുള്ള പദ്ധതിയൊരുക്കുന്നത്. പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മകളില്‍ നിലനിര്‍ത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിന്റെ ഭാഗമായാണ് മണിരത്നവും ടീമും ബേക്കലിലെത്തുക. മണിരത്നമടക്കം ‘ബോംബെ’ സിനിമയുടെ ഗാനരംഗം ചിത്രീകരിക്കാനും അഭിനയിക്കാനുമെത്തിയവരെ 30–ാം വാർഷികാഘോഷത്തിനായി ക്ഷണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഭരണസമിതിയോഗം തീരുമാനിച്ചിരിക്കുകയാണ്.
വിവാഹപാർടികളുടെ ഇഷ്ടകേന്ദ്രം
സൂര്യാസ്തമയത്തിന്റെ ചെഞ്ചുവപ്പ്, തിരയടിയുടെ ആവേശം, തെങ്ങിൻതോപ്പിന്റെ മനോഹാരിത... തീർന്നില്ല, രാജ്യത്തെ മറ്റു കേന്ദ്രങ്ങളേക്കാൾ ചെലവും കുറവ്. എല്ലാംകൊണ്ടും വിവാഹം മനോഹരമാക്കി ആഘോഷിക്കാനുള്ള വിനോദസഞ്ചാരകേന്ദ്രമായി ബേക്കൽ മാറുന്പോഴാണ് സിനിമാ ടൂറിസം പദ്ധതിയും വരുന്നത്. കേരളത്തിലെ ഏറ്റവും മികച്ച വിവാഹവേദികളിലൊന്നായ ബേക്കൽ ബീച്ചിലും പരിസരത്തും രണ്ടുവർഷത്തിനിടയിൽ നടന്നത് 312 ആഡംബര വിവാഹം. സംസ്ഥാനത്ത് കൂടുതൽ വിവാഹങ്ങൾക്ക് വേദിയൊരുക്കിയ വിനോദസഞ്ചാരകേന്ദ്രമായും ബേക്കലും പരിസരവും മാറി. പഞ്ചനക്ഷത്ര ഹോട്ടലുകളായ ബേക്കലിലെ ലളിത്, ഉദുമ കാപ്പിലെ താജ്-, മലാങ്കുന്നിലെ താജ് ഗേറ്റ്‌വേ , നീലേശ്വരം ബീച്ചിലെ മലബാർ ഓഷ്യൻ ഫ്രണ്ട് എന്നിവിടങ്ങളിലാണ് വിവാഹങ്ങൾ നടന്നത്. ഇതിനുപുറമെ പടന്നക്കാട് ബേക്കൽ ക്ലബ്-, തെക്കേക്കാട് ഒയിസ്റ്റർ ഒപേര തുടങ്ങി നിരവധി റിസോർട്ടുകളിലും ഡെസ്‌റ്റിനേഷൻ വെഡ്ഡിങ് നടന്നു. ഒരുസ്ഥലത്തേക്ക് യാത്രചെയ്‌ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന യൂറോപ്യൻ രീതിയാണ് ‘ ഡെസ്റ്റിനേഷൻ വെഡ്ഡിങ്'. കേരളത്തിൽ വിവാഹങ്ങൾക്കെത്തുന്നവരിൽ 67 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. സംസ്ഥാന ടൂറിസം വകുപ്പ് കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തിയത് ബേക്കലിനും കാസർകോട് ജില്ലയ്ക്കും സഹായമായതായി ബിആർഡിസി എംഡി ഷിജിൻ പറന്പത്ത് പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ഇക്കേരി നായ്ക്കരിലെ ശിവപ്പ നായ്‌ക്കർ നിര്‍മിച്ചതാണ് കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ക്കോട്ടയായ ബേക്കല്‍ കോട്ട.








0 comments