ad
Deshabhimani

കാലവർഷം പടിവാതിലിൽ

ചട്ടഞ്ചാൽ –ചെർക്കള പാതയിൽ പണി ഇഴഞ്ഞുതന്നെ

നിർമാണം ഇഴഞ്ഞുനീങ്ങുന്ന തെക്കിലിലെ ദേശീയപാത

നിർമാണം ഇഴഞ്ഞുനീങ്ങുന്ന തെക്കിലിലെ ദേശീയപാത

avatar
നാരായണൻ കരിച്ചേരി

Published on May 23, 2026, 02:00 AM | 2 min read

ചട്ടഞ്ചാൽ

കാലവർഷം പടിവാതിക്കലെത്തിയിട്ടും ദേശീയപാത ചെങ്കള –നീലേശ്വരം റീച്ചിലെ നിർമാണ പ്രവൃത്തി ഇപ്പോഴും മന്ദഗതിയിൽ. പണി എന്നു പൂർത്തിയാകുമെന്ന്‌ ഒരു നിശ്‌ചയവുമില്ല. മഴക്കാലം സജീവമായാൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ അഞ്ചു കിലോമീറ്ററോളം ദൂരം റോഡിൽ പ്രതിസന്ധി രൂക്ഷമാവും. ദേശീയപാതയിൽ സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ കുന്നും വളവുകളുമുള്ള പ്രദേശമാണ്‌ ഇവിടം. ഇവിടെ നിർമാണം പലയിടത്തും പൂർത്തിയാവാതെ കിടക്കുന്നു. രണ്ട്, -മൂന്ന് മണ്ണുമാന്തി യന്ത്രവും അങ്ങിങ്ങ്‌ ചില തൊഴിലാളികളെയും മാത്രമാണ്‌ കാണാനുള്ളത്‌. ഇങ്ങനെ പോയാൽ അടുത്ത കാലത്തൊന്നും പണി തീരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കാലവർഷത്തിലും യാത്രക്കാരെ ഏറെ ഭീതിയിലാക്കിയ സ്ഥലമാണിത്. തെക്കിൽ, ബേവിഞ്ച വളവുകളിൽ മഴക്കാലത്ത് മണ്ണിടിഞ്ഞുവീഴുന്നതാണ് പ്രധാന പ്രശ്‌നം. ഇവിടെ ഹെയർപിൻ വളവിലെ കാനത്തംകുണ്ടിൽ കുന്നിടിച്ച ഭാഗം ഏതു സമയവും റോഡിലേക്ക് പതിക്കാൻ പാകത്തിൽ ഇളകി നിൽക്കുന്നുണ്ട്. ​വിദഗ്ധസമിതി നിർദേശം 
നടപ്പായില്ല മഴയിൽ കുന്നിൽനിന്നുള്ള മലവെള്ളപാച്ചിലും നീരുറവയും വാഹന ഗതാഗതത്തിന്‌ തടസ്സം സൃഷ്‌ടിക്കുക പതിവാണ്‌. ഇവിടത്തെ സർവീസ് റോഡ് പൂർത്തിയാക്കാത്തതും ദുരിതമാകും. തെക്കിൽ കാനത്തുംകുണ്ട് മുതൽ ബേവിഞ്ച സ്റ്റാർനഗർ വരെയുള്ള അപകട മുനമ്പ് ഒഴിവാക്കാൻ വിദഗ്ധസമിതി കുറേ നിർദേശം നൽകിയിരുന്നു. 15 മീറ്റർ വീതിയിൽ സ്ഥലം അക്വയർചെയ്ത്‌ തട്ടുതട്ടായി തിരിച്ച്‌ റീട്ടെയ്നിങ് വാൾ തുടങ്ങിയവ ജില്ലാ ഭരണസംവിധാനം മുന്നോട്ടു വച്ചിരുന്നു.  മണ്ണിന്റെ സ്വഭാവനുസരിച്ച് ബെഞ്ചുകൾ നിർമിച്ച് ഓരോ ബെഞ്ചിനും മതിയായ വീതിനൽകി ദേശീയപാതയോട് ചേർന്നുള്ള ചരിവ് മെച്ചപ്പെടുത്തുക, റോഡിനു ശരിയായ ഓവുചാൽ നിർമിക്കുക, ചരിവിൽ നിന്നുള്ള വെള്ളം അഴുക്കുചാലിലും കലുങ്ക് വഴിയും തിരിച്ചു വിടുക, നിർമാണ പ്രവൃത്തി കാരണം പ്രകൃതിദത്ത നീർച്ചാലുകൾ അടഞ്ഞുപോയതിനാൽ ഭൂഗർഭജലം വറ്റിക്കാൻ ഡ്രെയ്നേജ് പൈപ്പുകൾ സ്ഥാപിക്കുക, കുന്നു ചരിവ്, സംരക്ഷണ ഭിത്തി എന്നിവയിൽ കോൺക്രീറ്റ് മിശ്രിതം പുരട്ടുക, വെള്ളം പുറത്തേക്ക് ഒഴുകി പോകാൻ അവയിൽ ദ്വാരം നൽകുക തുടങ്ങിയവയായിരുന്നു വിദഗ്ധസമിതിയുടെ നിർദേശങ്ങൾ. ഇവ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. രണ്ടാഴ്‌ച റോഡ്‌ അടച്ചിട്ട്‌ പ്രവൃത്തി നടത്തിയിട്ടും പലതും പരിഹരിക്കാൻ ബാക്കി. ​എങ്ങുമെത്താതെ 
സർവീസ് റോഡ് വി കെ പാറ മുതൽ ബേവിഞ്ച സ്റ്റാർ നഗർ വരെയും കാനത്തുംകുണ്ടിലും സമീപത്തും അപകടസാധ്യതയുള്ള പ്രദേശങ്ങളാണ്‌. കുന്നിടിച്ച്‌ റോഡ് നിർമിക്കുന്നതിന്റെ ഭാഗമായി സോയിൽ നെയ്‌ലിങ് ചെയ്ത് നിർത്തിയ ഭിത്തി ഇടിഞ്ഞുവീഴുന്ന അവസ്ഥയ്‌ക്ക്‌ മാറ്റം വന്നിട്ടില്ല. റീച്ചിൽ മിക്ക സ്ഥലത്തും സർവീസ് റോഡ് പൂർത്തിയായില്ല. ചെർക്കള, ചട്ടഞ്ചാൽ, പൊയിനാച്ചി, പെരിയാട്ടടുക്കം ടൗണുകളിൽ ജനങ്ങൾ വീർപ്പുമുട്ടുകയാണ്‌. ഇങ്ങനെ പോയാൽ ഈ കാലവർഷക്കാലത്തും ഇതുവഴി ഭീതിയോടെ യാത്ര ചെയ്യേണ്ടിവരുമെന്ന്‌ നാട്ടുകാരും വാഹന ഡ്രൈവർമാരും പറയുന്നു. ദേശീയപാതയുടെ തലപ്പാടി– ചെങ്കള ആദ്യ റീച്ച് നിർമാണം പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്' സൊസൈറ്റി ദേശീയപാതാ അതോറിറ്റിക്ക്‌ കൈമാറിയിട്ട്‌ ഒരു വർഷം പൂർത്തിയാവുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home