റോഡുമില്ല; ബസ് സർവീസുമില്ല നാട്ടുകാർ നെട്ടോട്ടത്തിൽ

പടുവളത്ത് ഓവുചാലിന് കുഴിയെടുത്തതുകാരണം വെള്ളംനിറഞ്ഞ് അപകടം പതിയിരിക്കുന്ന സർവീസ് റോഡ്

സ്വന്തം ലേഖകൻ
Published on Jun 07, 2026, 02:37 AM | 1 min read
പിലിക്കോട്
റോഡുമില്ല ബസ് സർവീസുമില്ല. കാലിക്കടവ്- – ചെറുവത്തൂർ ദേശീയപാതയോരത്ത് താമസിക്കുന്ന നാട്ടുകാരുടെ അവസ്ഥയാണിത്. കാലിക്കടവിനും ചെറുവത്തൂരിനുമിടയിൽ ഓർഡനറി ബസുകൾക്ക് സ്റ്റോപ്പില്ലാതായിട്ട് ഒരു മാസം കഴിഞ്ഞു. പിലിക്കോട് സ്കൂളിന് സമീപം, തോട്ടം ഗേറ്റ്, മട്ടലായി, കാർഷിക കോളേജ് ഈ നാല് സ്റ്റോപ്പിലും ആളെ കയറ്റാനാവാതെ ബസ്സുകൾ നേരെ ചെറുവത്തൂരിലേക്ക് പോവുന്നു. സർവീസ് റോഡ് കിളച്ച് പാതി വഴിയിൽ ഉപേക്ഷിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്. തോട്ടം ഗേറ്റ് മേൽപ്പാലം തുറന്നത് മുതൽ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിൽ ഓവുചാൽ നിർമാണത്തിനായി അടച്ചിട്ടു. ഇതോടെ കാലിക്കടവ് മുതൽ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും മേൽപാലത്തിലൂടെയാണ് യാത്ര. തോട്ടം ഗേറ്റിനടുത്ത ഓട്ടോസ്റ്റാൻഡ് ഇല്ലാതാവുന്ന അവസ്ഥയാണ്. മാസങ്ങളായി ആളില്ലാത്ത ഇടമായി സ്റ്റാൻഡ് മാറി. കരാറുകാരുടെ അനാസ്ഥ കാരണമാണ് നാട് ദുരിതത്തിലായത്. കമ്പനിയുമായുള്ള തർക്കം കാരണം തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിപ്പോയതാണ് നിർമാണം ഇഴഞ്ഞു നീങ്ങാൻ കാരണം. സർവീസ് റോഡിൽ ഓവുചാലിനായി ദിവസങ്ങൾക്ക് മുമ്പ് കുഴി എടുത്തിരുന്നെങ്കിലും മഴ കനക്കുന്നതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾക്കിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഗണേഷ് മുക്ക് റോഡിലേക്കുള്ള ചെറിയ വാഹനങ്ങൾ അപകടം നിറഞ്ഞ സർവീസ് വഴിയാണ് പോകുന്നത്. ഒരു മാസം മുമ്പ് മട്ടലായിൽ റോഡിൽ വിള്ളൽ കണ്ടത് അന്വേഷിക്കാനെത്തിയ കലക്ടറുടെ സംഘത്തിന് മുന്നിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമൻ ഉന്നയിച്ച പ്രധാന വിഷയമാണ് ഓവുചാൽ നിർമാണവും ബസ് യാത്രക്കാർ നേരിടുന്ന പ്രയാസങ്ങളും. നാളിതുവരെ അതിന് പരിഹാരമായില്ല.










0 comments