ഉദ്‌ഘാടനത്തിനൊരുങ്ങി കുറ്റിക്കോൽ സബ്സ്റ്റേഷൻ
മലയോരത്ത് ഇനി ഹൈ വോൾട്ടേജ്

കുറ്റിക്കോൽ 110 കെവി സബ്‌സ്റ്റേഷനിൽനിന്ന് ഫീഡറുകൾ ചാർജ് ചെയ്യുന്നു
ബേഡകം
ഒരുനാടിന്റെ നീണ്ടകാത്തിരിപ്പിന് വിരാമമാകുന്നു. കുറ്റിക്കോൽ 110 കെവി സബ്സ്റ്റേഷൻ വലിയപാറയിൽ ഉദ്ഘാടനത്തിന് തയ്യാറായി. മുൻ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പൂർത്തിയായത് മലയോര മേഖലയുടെ സ്വപ്നം. വോൾട്ടേജ് ക്ഷാമമെന്ന പതിവ് പരാതികൾക്ക് ഇതോടെ പരിഹാരമാകും. നിലവിൽ എർത്ത് മാറ്റ് നിർമാണം, എക്വിപ്മെന്റ് ഇറക്ഷൻ പ്രവൃത്തികൾ, സബ്സ്റ്റേഷന് അകത്തെ ഇലക്ട്രിക്കൽ പ്രവൃത്തികൾ, കംട്രോൾ റൂം കെട്ടിട നിർമാണം, ടവർ കോൺക്രീറ്റ്, പെരിയാട്ടടുക്കത്ത് നിന്നും വലിയപാറവരെ 11.2 കിലോമീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ എന്നിവ പൂർത്തിയായി. വൈദ്യുതി പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലാണ് നിർമാണം. 28 കോടി രൂപയാണ് നിർമാണച്ചെലവ്. ടവർ സ്ഥാപിക്കുന്നതിലെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. വലിയപാറയിൽ നിർമാണം പൂർത്തിയായ സാവിത്രിഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂളിന്റെ അക്കാദമിക് ബ്ലോക്ക് പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഇവിടെനിന്ന് ലഭിക്കും. കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലായി ഇരുപതിനായിരത്തോളം കാർഷിക വൈദ്യുതി ഉപഭോക്താക്കൾക്ക് വേനലിലെ ജലസേചനത്തിന് വോൾട്ടേജ് ക്ഷാമം എന്നത് മറക്കാം. മൈലാട്ടി 220 കെവി, മുള്ളേരിയ 110 കെവി സബ് സ്റ്റേഷനുകളിൽനിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതി വിതരണം. ഈ ലൈനുകൾ കടന്നുവരുന്ന ചട്ടഞ്ചാൽ, മുള്ളേരിയ സെക്ഷനുകളിലെ ചെറിയ തടസ്സങ്ങൾ മലയോരത്ത് വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു. ഇവയ്‌ക്കെല്ലാമാണ് കുറ്റിക്കോൽ സബ് സ്റ്റേഷനിലൂടെ പരിഹാരമാകുന്നത്.










0 comments