ad
Deshabhimani

ഗ്രാമഹൃദയങ്ങളെ ചേർത്തുവെച്ച എൻജിനിയറിങ്

ഗിരീഷ് ഭരദ്വാജ്‌, പയസ്വിനിയുടെ ബ്രിഡ്ജ് മാൻ

ഡോ. ഗിരീഷ് ഭരദ്വാജ്

ഡോ. ഗിരീഷ് ഭരദ്വാജ്

വെബ് ഡെസ്ക്

Published on Jul 12, 2026, 02:00 AM | 2 min read

മുള്ളേരിയ

നദികളാൽ ഒറ്റപ്പെട്ടുപോയ വനംപൊതിഞ്ഞ ഗ്രാമങ്ങളെയും ഒപ്പം മനുഷ്യമനസ്സുകളെയും തമ്മിൽചേർത്ത ഇന്ത്യയുടെ ‘തൂക്കുപാലങ്ങളുടെ ശിൽപി' ഡോ. ഗിരീഷ് ഭരദ്വാജ് (76)ഓർമയായി. 1950 മെയ് 2ന് ബളക്കല കൃഷ്ണഭട്ടിന്റെയും സരസ്വതിഭട്ടിന്റെയും മകനായായിരുന്നു ജനനം. 1973-ൽ മാണ്ട്യ പിഇഎസ് കോളേജിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. ലണ്ടനിൽനിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കി. തന്റെ സാങ്കേതിക പരിജ്ഞാനം സാധാരണക്കാരായ കർഷകർക്കും നാടിനും പ്രയോജനപ്പെടുന്നരീതിയിൽ ഉപയോഗിക്കണമെന്ന പിതാവിന്റെ ഉപദേശം നെഞ്ചേറ്റി. 1973-ൽ സുഹൃത്തിനൊപ്പം ഒരു കാർഷികസേവനകേന്ദ്രം ആരംഭിച്ചു. പിന്നീട് 1975-ൽ സുള്ള്യയിൽ ‘റാഷണൽ എഞ്ചിനീയറിങ്‌ ഇൻഡസ്ട്രീസ്' എന്ന പേരിൽ സ്വന്തം കമ്പനിയും സ്ഥാപിച്ചു. ഇതാണ് പിൽക്കാലത്ത് വിഖ്യാതമായ ‘അയാസ് ശിൽപ'യായി മാറിയത്. പമ്പ് സെറ്റുകളുടെയും ഗോബർ ഗ്യാസ് പ്ലാന്റുകളുടെയും അറ്റകുറ്റപ്പണികളായിരുന്നു തുടക്കത്തിൽ ചെയ്തിരുന്നത്‌. മഴക്കാലത്ത് നദീതീരങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ ദുരിതം അദ്ദേഹത്തിന്റെ മനസിനെ തട്ടി. ​1989-–ൽ ജന്മഗ്രാമമായ അരമ്പൂരിൽ പയസ്വിനിപുഴയിൽ ആദ്യമായി ഒരു തൂക്കുപാലം നിർമിച്ച് എഞ്ചിനീയറിങ്‌ വൈദഗ്ധ്യം തെളിയിച്ചു. പിന്നീട്‌ ഇന്ത്യയിലുടനീളം 140-ലധികം തൂക്കുപാലങ്ങളുടെ നിർമാണം. 120-ലധികം പാലങ്ങളും അത്യന്തം ദുർഘടമായ ഉൾനാടൻഗ്രാമങ്ങളിലെ ജനങ്ങൾക്ക് നഗരങ്ങളിലേക്കും വിപണികളിലേക്കും വഴിതുറന്നു. മറ്റുള്ളവ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകി. ചെലവു കുറഞ്ഞതും പൂർണമായും പരിസ്ഥിതിസൗഹൃദവുമായ നിർമാണശൈലയായിരുന്നു അദ്ദേഹത്തിന്റെത്. കേരളത്തിൽ 30 തൂക്കുപാലങ്ങൾ നിർമിച്ചു. ജില്ലയിലെ ആദ്യ തൂക്കുപാലം പാണത്തൂർ പവിത്രംകയത്താണ്. കർണാടകയ്ക്ക് പുറമെ ഒഡിഷ, തെലുങ്കാന എന്നിവിടങ്ങളിലും നിരവധി പാലങ്ങൾ നിർമിച്ചു. ​കേരളത്തോട്, പ്രത്യേകിച്ച് കാസർകോടിനോട് ഏറെ ആത്മബന്ധം പുലർത്തിയിരുന്നു. ദേലംപാടി പഞ്ചായത്തിൽമാത്രം നിരവധി പാലങ്ങൾ നിർമിച്ചു. അഡൂരിൽ നിർമിച്ച തൂക്കുപാലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബവളന്തടുക്ക, കൊറ്റുമ്പ, കുണ്ടാർ, പള്ളഞ്ചി, പരപ്പ-മണ്ടക്കോൽ പാലങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ചെർക്കള- ജാൽസൂർ ദേശീയപാതയിലെ പഞ്ചിക്കല്ലിൽ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പഞ്ചിക്കൽ- അദ്യാവര തൂക്കുപാലവും ആ എഞ്ചിനീയറിങ്‌ ചാതുര്യം വെളിപ്പെടുത്തുന്നു. സഹകരണമേഖലയിലെ പ്രശസ്തമായ ഇക്കോ ടൂറിസം വില്ലേജായ പൊലിയംതുരുത്തിലെ മനോഹരമായ പാലത്തിന് പിന്നിലും ഡോ. ഗിരീഷ് ഭരദ്വാജിന്റെ കൈയൊപ്പുണ്ട്. ​പാലംപണി നടക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾക്കൊപ്പം മാസങ്ങളോളം ടെന്റ്കെട്ടി താമസിച്ച്, അവർ കഴിക്കുന്ന ഭക്ഷണവുംകഴിച്ച്, നിലത്തുറങ്ങി ഭരദ്വാജ് കാട്ടിയ ലാളിത്യം ഏതൊരു എഞ്ചിനീയർക്കും മാതൃകയാണ്. 2017-ൽ പത്മശ്രീ പുരസ്കാരം നേടി. ഭാര്യ: പരേതയായ ഉഷ ഭരദ്വാജ്. മക്കൾ: സുദർശൻ, പതഞ്ജലി, രാസ്യ, പത്മശ്രീ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home