പത്തുകുടിക്കാർക്ക് 10 വീട്
മഴയെ പേടിക്കേണ്ട, കാറ്റിനെയും

പത്തുകുടിയിൽ നിർമിച്ചുനൽകിയ വീടുകൾ
പനത്തടി
‘മഴക്കാറ് കാണുമ്പോഴേ നെഞ്ചിലൊരു പിടച്ചിലാര്‍ന്നു... തോട് നിറഞ്ഞാ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റൂല. കാറ്റടിച്ച് മരം വീഴുന്ന ഒച്ച കേള്‍ക്കുമ്പോ, ഈമല ഇടിഞ്ഞ് തലേല്‍ വീഴുവോന്ന് പേടിച്ച് ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. മഴ കനക്കുമ്പോഴേക്കും ഉടുതുണിയുമെടുത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് ജീവനും കൊണ്ടോരോട്ടാ...' പുതിയ വീടിന്റെ ഉമ്മറത്തിരുന്ന് നാരായണന്‍ തന്റെ ഭൂതകാലം ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. ആ വാക്കുകളിലുണ്ട് വര്‍ഷങ്ങളായി അവര്‍ അനുഭവിച്ച ഭയവും ആശങ്കയും. പനത്തടി ഗ്രാമപഞ്ചായത്തിലെ കമ്മാടി പത്തുകുടി നിവാസികള്‍ക്ക് ഇനി മഴ പേടിയില്ല. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ജീവന്‍ കയ്യില്‍പിടിച്ച് കഴിഞ്ഞിരുന്ന പത്ത് കുടുംബങ്ങള്‍ക്കാണ് പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടലിലൂടെ സുരക്ഷിതമായ പുതിയ വീടുകള്‍ ഒരുങ്ങിയത്. ചോര്‍ന്നൊലിക്കുന്ന, പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലുകളില്‍ നിന്നും അടച്ചുറപ്പുള്ള വീടുകളിലേക്കുള്ള ഇവരുടെ മാറ്റം നാടിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ്. കാലങ്ങളായി പത്തു കുടി കുന്നിന്‍ ചെരുവുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് മഴക്കാലം എന്നും ഒരു പേടി സ്വപ്നം ആയിരുന്നു. തോട് കടന്നു വേണം പ്രദേശത്തേക്ക് എത്തി ചേരാന്‍ എന്നത് കൊണ്ട് തന്നെ മഴ കടുക്കുന്നത്തോടെ പ്രദേശത്തേക്കുള്ള ഗതാഗത മാര്‍ഗം പൂര്‍ണമായും നശിക്കും. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിയും തടസ്സപ്പെടും. അതിനാൽ എല്ലാ വര്‍ഷവും മഴക്കാലങ്ങളില്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹാളുകളിലാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്തംഗത്തിന്റെയും നിരന്തര ഇടപെടലിലൂടെ പ്രദേശത്തുനിന്ന് നാല് കിലോമീറ്റര്‍ മാറി ഭാട്ടോളിയില്‍ ഇവര്‍ക്കായി ഭൂമി കണ്ടെത്തി. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പത്ത് കുടുംബങ്ങള്‍ക്കും ആറുസെന്റ് വീതം ഭൂമി നല്‍കി പട്ടയം കൈമാറി. ജില്ലാ ട്രൈബല്‍ ഓഫീസര്‍ മുഖേന സംസ്ഥാന പട്ടികവര്‍ഗ വകുപ്പിനെ സമീപിച്ചതോടെ ആദിവാസ പുനരധിവാസ മിഷനില്‍ നിന്നും ഓരോ കുടുംബത്തിനും ആറുലക്ഷം രൂപ വീതം അനുവദിച്ചു. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറി എന്നിവയടങ്ങിയ വീടുകളുടെ പണി അങ്ങനെ പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും റോഡും ഉറപ്പാക്കിയതിനൊപ്പം പരപ്പ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി കുടിവെള്ള പദ്ധതിയിലൂടെ മുറ്റത്ത് തന്നെ വെള്ളവുമെത്തിച്ചു.










0 comments