ട്രോളിങ് നിരോധനം അവസാനിക്കാൻ 4 നാൾ പ്രതീക്ഷയുടെ തീരത്ത് മത്സ്യത്തൊഴിലാളികൾ

ചെറുവത്തൂർ ട്രോളിങ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പുതിയ പ്രതീക്ഷകളുമായി മത്സ്യത്തൊഴിലാളികൾ. നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയാണ് അവസാനിക്കുക. കാലാവസ്ഥ അനുകൂലമായാൽ ബോട്ടുകൾ കടലിറങ്ങിത്തുടങ്ങും. അതിനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. വലകളുടെ കേടുപാട് തീർത്തും പുതിയവ വാങ്ങിയും ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയും ഭൂരിഭാഗം ബോട്ടുകളും ഒരുക്കി നിർത്തിക്കഴിഞ്ഞു. ജോലിക്കാരായ ഇതര സംസ്ഥാനത്തൊഴിലാളികൾ തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. രണ്ടു മാസം നീളുന്ന വറുതിക്കാലത്തിനുശേഷം ബോട്ടുകൾ വീണ്ടും ആഴക്കടലിലേക്ക് എത്തുമ്പോൾ പ്രതീക്ഷയോടൊപ്പം തൊഴിലാളികളിൽ ആശങ്കയും അലയടിക്കുന്നുണ്ട്. കാലവർഷം കനത്തുപെയ്യാത്തതാണ് ആശങ്കയ്ക്ക് കാരണം. മഴപെയ്ത് കടലിളകി കടലിൽ ചേറ് വച്ചാലാണ് സാധാരണ ചാകര ഉണ്ടാവുക. എങ്കിലും ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് വലിയ മത്തി ലഭിച്ചത് ആശ്വാസം പകരുന്നുണ്ട്. ബോട്ടുകൾ കടലിലിറങ്ങുന്നതോടെ ജില്ലയിലെ മീൻപിടുത്ത തുറമുഖങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും സജീവമാകും. കൂടുതൽ ബോട്ടുകൾ കടലിൽ പോകുന്നതോടെ ധാരാളമായി മീൻ ലഭിച്ചാൽ തൊഴിലാളികൾക്കും മീൻ വിൽപനക്കാർക്കും ആശ്വാസമാകും. ബോട്ട് ചാനലിലെ മണൽത്തിട്ടയും പുലിമുട്ട് തകർച്ചയും ഭീഷണി ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും മടക്കര തുറമുഖം കേന്ദ്രമാക്കിയാണ് മീൻപിടിക്കുന്നത്. എന്നാൽ പുഴയിൽ ബോട്ട് ചാനലിലും സമീപത്തും രൂപപ്പെട്ട തണൽതിട്ട ബോട്ടുകൾക്ക് ഭീഷണിയാവുന്നുണ്ട്. പുഴയിൽ വേലിയിറക്ക സമയത്താണ് ബോട്ടുകൾ കടലിൽ പോകാനും തിരിച്ചു വരാനും പ്രയാസം നേരിടുന്നത്. പുഴയിൽ അടിഞ്ഞു കൂടിയ മണ്ണ് ഡ്രജ്ജിങ് നടത്തി നീക്കം ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് കാര്യമായ നടപടിയുണ്ടായിട്ടില്ല. അഴിമുഖത്തെ പുലിമുട്ടിന്റെ ഒരു ഭാഗം തകർന്ന് പുലിമുട്ടിനുള്ളിൽ ഭീമൻ കരിങ്കലുകൾ പതിച്ചതാണ് മറ്റൊരു ഭീഷണി. ഇവ ബോട്ട് യാത്രക്ക് തടസമാകാറുണ്ട്. മീൻ സുലഭമാകുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ ട്രോളിങ് നിരോധന കാലത്ത് മീൻ ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയർന്നിരുന്നു. ദിവസേന മീൻ വിഭവങ്ങൾ തയാറാക്കുന്ന ഭൂരിഭാഗം കുടുംബങ്ങളെയും ഇത് പ്രതിസന്ധിയാക്കി. ബോട്ടുകൾ കടലിലിറങ്ങി ധാരാളം മീനുമായി എത്തുന്നതോടെ വില കുത്തനെ കുറയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ.










0 comments