മോഷ്ടാവ് കത്തിവീശി; സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്


സ്വന്തം ലേഖകൻ
Published on Sep 26, 2025, 02:00 AM | 1 min read
പുല്ലൂര്‍
വീട്ടില്‍ കടന്ന മോഷ്ടാവ് കത്തിവീശിയതിനെതുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കൈക്ക് മുറിവേറ്റു. ഉദയനഗര്‍ ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയും ബാലസംഘം താളിക്കുണ്ട് യൂണിറ്റ് സെക്രട്ടറിയുമായ കണിയാംകുന്നിലെ നന്ദുവി(15)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. എടമുണ്ട കണിയാംകുന്നിലെ ബാലകൃഷ്ണന്റെ വീട്ടിലെ അടുക്കളഭാഗത്തുകൂടി മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ഈസമയത്ത് ബാലകൃഷ്ണനും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് അടുക്കള ഭാഗത്തെത്തിയ ബാലകൃഷ്ണന്റെ മകന്‍ നന്ദുവിനുനേരെ മോഷ്ടാവ് കത്തിവീശി. ഒഴിഞ്ഞുമാറിയതിനാല്‍ നന്ദുവിന്റെ കൈക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ അമ്പലത്തറ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴം പുലര്‍ച്ചെ 1.30 മണിയോടെ മോഷ്ടാവ് വീണ്ടുമെത്തി ബാലകൃഷ്ണന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കല്ലെറിഞ്ഞയാള്‍ ഓടിമറഞ്ഞു. കണിയാംകുന്നിലെ ഗീതയുടെ വീടിന് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖത്ത് കരിവാരിതേച്ച് തലക്കെട്ട് കെട്ടിയ യുവാവാണ് മോഷണത്തിന് ശ്രമിച്ചതെന്ന് നന്ദു പൊലീസിന് മൊഴി നല്‍കി










0 comments