ദ്വീപ് ജീവിതത്തിന് പുതുവേഗം
വലിയപറമ്പിലേക്ക് 4 പാലങ്ങൾകൂടി

നിർദിഷ്ട തെക്കെക്കാട്–പടന്നകടപ്പുറം പാലം സൈറ്റിൽ ഉപേക്ഷിച്ച തൂക്ക് പാലത്തിന്റെ ഭാഗങ്ങൾ
പി മഷൂദ്
Published on Mar 28, 2026, 02:00 AM | 1 min read
തൃക്കരിപ്പൂർ
ദ്വീപ് നിവാസികളുടെ ജീവിതസ്വപ്‌നങ്ങൾക്ക് വികസനത്തിന് പുതുവേഗം നൽകാൻ വലിയപറമ്പിലേക്ക് നാല് പാലങ്ങൾ കൂടി വരുന്നു. തൂക്കുപാലം തകർന്ന മാടക്കാൽ–തൃക്കരിപ്പൂർ കടപ്പുറം വടക്കെവളപ്പ്, നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച തെക്കെക്കാടിനെ പടന്നകടപ്പുറവുമായി ബന്ധിപ്പിക്കുന്ന കടവിൽ രണ്ട് പാലങ്ങൾ, തീരദേശ ഹൈവേയുടെ ഭാഗമായി നീലേശ്വരം അഴീത്തലയെ മാവിലാക്കടപ്പുറം അഴീത്തലയുമായി ബന്ധിപ്പിക്കുന്ന ഒരിയര പാലവുമാണ് തീരദേശത്തിന്റെ കുതിപ്പേകാൻ വരുന്നത്. കടത്തുതോണിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന വലിയപറമ്പിലെ തെക്കൻ മേഖലയുടെ സ്വപ്നസാക്ഷാത്‌കാരമായ തുക്കുപാലത്തിന് രണ്ടുമാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2013 ഏപ്രിൽ 28-ന് ഉദ്ഘാടനംചെയ്ത് രണ്ടുമാസം പൂർത്തിയാവുന്നതിന് മുമ്പ് ജൂൺ 27-ന് പാലം തകർന്നുവീണു. വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം പ്രദേശത്തെ മാടക്കാലുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം 3.94 കോടി ചെലവിട്ടാണ് നിർമിച്ചത്. മാടക്കാലിനൊപ്പം പ്രവൃത്തി തുടങ്ങിയ തെക്കേക്കാട് തൂക്കുപാലം പണി മാടക്കാൽ പാലം തകർന്നതോടെ പാതിവഴിയിൽ ഉപേക്ഷിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലം തകർന്നതോടെ നിരാശയിലായ തീരദേശത്തെ ജനങ്ങൾക്ക് റോഡ് പാലംതന്നെ ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ്. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിലാണ് രണ്ടു പാലങ്ങൾ കിഫ്ബിയിൽ അനുവദിച്ചത്. തൃക്കരിപ്പൂർ കടപ്പുറം 398 മീറ്ററും തെക്കെക്കാട് 392 മീറ്ററിലുമാണ് പാലം നിർമിക്കുക. രണ്ട് പാലങ്ങൾക്കും ഭരണാനുമതി ലഭിച്ചു. ടെൻഡർ നടപടി പൂർത്തിയായി. തീരദേശ ഹൈവേയുടെ ഭാഗമായി വലിയപറമ്പ് പഞ്ചായത്തിനെയും പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന പാണ്ഡ്യാലക്കടവ് പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കിഫ്ബിയിൽനിന്ന് 59.94 കോടി രൂപ വിനിയോഗിച്ചാണ് നിർമിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 12 സ്പാനുകൾ ഉൾപ്പെടെ ആകെ 445.30 മീറ്റർ നീളം ഉണ്ട്. പാലത്തിന് ഏഴ് മീറ്റർ വീതിയുള്ള വാഹന ഗതാഗവും ഇരു ഭാഗങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതയും, 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഉൾപ്പെടെ ആകെ 15.70 മീറ്റർ വീതിയിലാണ് നിർമിക്കുക. ഒരിയര പാലത്തിന്റെ നടപടി പൂർത്തിയായി വരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ തീരദേശ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതോടൊപ്പം വലിയ ടൂറിസം വികസനത്തിനും വഴിതുറക്കും.










0 comments