നീലേശ്വരത്ത് ആകാശപാതയ്ക്ക് സാങ്കേതിക തടസമില്ല

നീലേശ്വരം
നീലേശ്വരം പുഴ മുതൽ പൊലീസ് സ്റ്റേഷൻ വരെ ദേശീയപാതയിൽ ആകാശപാത നിർമിക്കുന്നതിന് സങ്കേതിക തടസ്സമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പഴയ ദേശീയ പാതയിൽ മാർക്കറ്റ് ജങ്ഷനിൽ ഫിനിഷിങ് റോഡ് ലെവൽ 5.32 മാത്രമായിരുന്നു. ദേശീയപാതയിൽ രണ്ട് പാലത്തോട് കൂടിയ ഡിപിആർ പ്രകാരം അത് 6.778 ആയി ഉയർന്നു. എന്നാൽ ഇതുപ്രകാരം ആകാശപ്പാതയ്ക്കുള്ള ഉയരം ലഭിക്കില്ലെന്നായിരുന്നു ദേശീയ പാതാ അതോറിറ്റിയുടെ വാദം. ഏഴ് മീറ്ററിന് മുകളിൽ എഫ്ആർഎൽ ലഭിക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം. എന്നാൽ ജലപാത കടന്നുപോകുന്ന റൂട്ട് എന്ന നിലയിൽ പുതിയ പാലം പണിയുമ്പോഴുണ്ടായിരുന്ന പാലത്തിന്റെ ഉയരക്കുറവ് കാരണം പുഴയിൽ ദേശീയപാതയുടെ പാലം ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിർദേശപ്രകാരം വീണ്ടും ഉയർത്തിയതോടെ മാർക്കറ്റ് ജങ്ഷനിലെ എഫ്ആർഎൽ 7.646 ആയി ഉയർന്നു. ഇത് ആകാശപ്പാത നിർമിക്കുന്നതിന് മതിയായ ഉയരമാണെന്നാണ് എൻജിനിയർമാരും വിദഗ്ധരും പറയുന്നു. രാജാ റോഡ് പ്രധാന ജില്ലാ റോഡ് (എംഡിആർ) ആണെന്നിരിക്കെ ദേശീയ പാതയിൽനിന്ന് 24 മീറ്റർ വീതിയിൽ 5.5 മീറ്റർ ഉയരത്തിൽ (ബീമുകൾ ഉൾപ്പെടെ 8 മീറ്റർ) ഉയരത്തിൽ പ്രവേശനം നിയമപ്രകാരം അനുവദിക്കേണ്ടതാണ്. എന്നാൽ ഈ ഭാഗത്ത് കേവലം ഒരു പിയുപി മാത്രമാണ് അനുവദിച്ചത്. സാങ്കേതിക വശങ്ങൾ ഇതായിരിക്കെ നീലേശ്വരത്തോട് കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും ശത്രുതാ മനോഭാവത്തോടെ സമീപിക്കുന്നു എന്നു വേണം കരുതാൻ. അതുകൊണ്ട് തന്നെ നീലേശ്വരം പുഴ മുതൽ പൊലീസ് സ്റ്റേഷൻ വരെ ആകാശപ്പാത നിർമിക്കുന്നതിൽ ഒരു തടസവുമില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നഗരസഭ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.









0 comments