കാസർകോട് 275 കോടിയുടെ വ്യവസായ നിക്ഷേപം

കാസർകോട്
ജില്ലയിൽ 275 കോടി രൂപയുടെ നവീന വ്യവസായ നിക്ഷേപം വരുന്നു. ബുധനാഴ്ച നടന്ന വ്യവസായ നിക്ഷേപക സംഗമത്തിലാണ് മെഡിക്കൽ ഇംപ്ലിമെന്റ്‌സ് നിർമാണ ഫാക്ടറി ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് വ്യവസായികൾ നിക്ഷേപക സന്നദ്ധത അറിയിച്ചത്. മംഗളൂരുവിൽ ഓർത്തോ സർജനായ തളങ്കര സ്വദേശി ഡോ. ജലാൽ 75 കോടിയുടെ നിക്ഷേപം നടത്തും. അനന്തപുരം വ്യവസായ പാർക്കിൽ ഒരു മാസം മുമ്പ് ആരംഭിച്ച ഫാക്ടറി മുണ്ടോളിലെ സ്വകാര്യ വ്യവസായ പാർക്കിലേക്ക് പ്രവർത്തനം വിപുലീകരിക്കും. ഇതിനായി സ്ഥലം കണ്ടെത്തി. അപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ശരീരത്തിനകത്ത് ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ലോഹ ഭാഗങ്ങളാണ് ഇവിടെ നിർമിക്കുക. മെഡിക്കൽ ഹബായി മാറിയ മംഗളൂരുവിലും കാസർകോടും ഈ വ്യവസായത്തിന് വൻ സാധ്യതകളുണ്ട്. ധാരാളം തൊഴിലവസരം ഇതിലൂടെ ഒരുങ്ങും. മെഡിക്കൽ ഇംപ്ലാന്റ് മേഖലയിലെ വിതരണക്കാരനായ സൊമാലിയൻ സ്വദേശി ഷാഫി ഇസ്മയിൽ അഹ്മദിനെ നിക്ഷേപക സംഗമത്തിൽ ആദരിച്ചു. ഒരു കോടിയിലധികം നിക്ഷേപം നടത്താൻ സന്നദ്ധതയുള്ള എഴുപതിലധികം സംരംഭകർ മുന്നാട് സാൻഡൽ മിസ്റ്റ് റിസോർട്ടിൽ നടന്ന സംഗമത്തിൽ പങ്കാളിയായി. ഇന്റീരിയർ മേഖലയിൽ ചെറുവത്തൂരിലെ ആരിഫ് മുഹമ്മദിന്റെ കാസ- ഡി അഞ്ചുകോടി മൂലധനം നിക്ഷേപിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. മംഗളൂരു തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ട്രാഫിക് മാനേജർ രവികിരൺ, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, മുജീബ് റഹ്‌മാൻ, ശ്യാംപ്രസാദ്, രത്നാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജർ കെ സജിത് കുമാർ സ്വാഗതവും ജീനു ജോൺ നന്ദിയും പറഞ്ഞു. ജീന പ്രൊമാക്‌സ് സ്ഥാപകൻ സുമൻ താക്കോൽക്കാരൻ, മുന്നാട് പീപ്പിൾസ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് ഇ പത്മാവതി എന്നിവർ അനുഭവം പങ്കുവച്ചു. കാനറ ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അഹമ്മദ് മുദസറുമായി സംവാദവുമുണ്ടായി.








0 comments