ad
Deshabhimani

അർപ്പണബോധത്തോടെ 
കാസർകോടിനെ നയിക്കാൻ

ശ്രീധന്യ സുരേഷ്‌
വെബ് ഡെസ്ക്

Published on Sep 12, 2026, 02:00 AM | 1 min read

കാസർകോട്‌

കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കി പ്രതികൂല സാഹചര്യങ്ങളോട്‌ പടപൊരുതി മുന്നേറി ഉന്നതങ്ങളിലെത്തിയ ശ്രീധന്യ സുരേഷ്‌ ഇനി കാസർകോടിന്റെ കലക്ടർ. വയനാട്ടിലെ സാധാരണ ഗോത്ര വർഗ കുടുംബത്തിൽ ജനിച്ച പെൺകുട്ടി പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തിന്റെ ഉന്നത ഭരണസേവനത്തിലേക്ക് ഉയർന്ന കഥയാണിത് ശ്രീധന്യയുടേത്‌. വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യ വ്യക്തിയാണ് അവർ. മലയാളം മീഡിയം സ്കൂളിൽ പഠിച്ച് പരിമിതമായ സാഹചര്യങ്ങൾക്കിടയിൽനിന്ന്‌ ഐഎഎസ് എന്ന സ്വപ്നം നേടിയെടുക്കാൻ ശ്രീധന്യക്കായി. തരിയോട്‌ നിർമല ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന്‌ എസ്‌എസ്‌എൽസിയും തരിയോട്‌ ഗവ. ജിഎച്ച്‌എസ്‌എസിൽനിന്ന്‌ പ്ലസ്‌ടുവും കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന്‌ സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ സുവോളജിയിൽ ബിരുദാനന്തരബിരുദവും നേടി. 2018ലാണ്‌ ഐഎഎസ്‌ നേടുന്നത്‌. 2019 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് പൊഴുതന ഇടിയംവയൽ കെ കെ സുരേഷ്-, കെ സി കമല ദമ്പതികളുടെ മകളാണ്. 2024 മെയിൽ ആഡംബരമില്ലാതെ തികച്ചും ലളിതമായ രീതിയിൽ രജിസ്റ്റർ വിവാഹം ചെയ്ത്‌ അവർ സമൂഹത്തിന് വലിയ മാതൃകയുമായി. ഓർക്കസ്ട്ര കലാകാരനും ഹൈക്കോടതി അസിസ്റ്റന്റുമായ ഗായക് ആർ ചന്ദ്‌ ആണ് ജീവിത പങ്കാളി. കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ, പെരിന്തൽമണ്ണ സബ് കലക്ടർ, രജിസ്ട്രേഷൻ ഐജി, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. ഭക്ഷ്യസുരക്ഷാ കമീഷണർ സ്ഥാനത്തുനിന്നാണ്‌ കാസർകോടിന്റെ കലക്ടറായി എത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home