വരൾച്ചയെ തോൽപ്പിച്ച രണ്ടര നൂറ്റാണ്ട് ജലസമൃദ്ധിയോടെ ചാലിങ്കാൽ കുളം

കൊടും വരള്‍ച്ചയിലും ഉറവ വറ്റാത്ത ചാലിങ്കാലിലെ പൊതുകുളം

സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:27 AM | 1 min read
പെരിയ
കൊടുംവരള്‍ച്ചയിലും വറ്റാത്ത ഒരു കുളം പുല്ലൂര്‍–പെരിയ പഞ്ചായത്തിലുണ്ട്. ചാലിങ്കാലിലെ ഈ പൊതുകുളത്തിന് 250 വര്‍ഷത്തിലേറെയാണ് പഴക്കം. വേനല്‍ കടുക്കുന്പോള്‍ സമീപത്തെ കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരളുന്പോഴും ചാലിങ്കാല്‍ കുളത്തില്‍ നിറയെ വെള്ളമുണ്ടാകും. കുളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താമസക്കാരില്‍ നല്ലൊരു വിഭാഗവും ആദിവാസി കുടുംബങ്ങളാണ്. ചൂട് അസഹ്യമാകുന്പോള്‍ സമീപത്തെ കുളത്തില്‍ നീന്തിക്കുളിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും വരുന്നത് പതിവ് കാഴ്ചയാണ്. കാലങ്ങളായി കുളിക്കാനും അലക്കാനും സമീപവാസികള്‍ ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. അതിനിടെ ഒരു കാലവര്‍ഷത്തില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് കുളത്തില്‍ മണ്ണ് അടിഞ്ഞുകൂടി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. മണ്ണ് നീക്കി കുളം പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും മഴക്കാലത്ത് മണ്ണിടിയുന്നത് തുടര്‍ന്നതോടെ കുളത്തിന്റെ നാലുവശത്തും സംരക്ഷണഭിത്തിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ചാലിങ്കാല്‍ കുളത്തെ മാറ്റിയെടുക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. മഴക്കാലത്ത് കുളം കവിഞ്ഞ് കാനം, കേളോത്ത് പ്രദേശങ്ങളിലെ തോടുകളിലൂടെ കുത്തിയൊലിക്കും. മഴ മാറിയാലും ഈ കുളത്തില്‍നിന്ന് തോടുകളിലൂടെ നീരൊഴുക്ക് തുടരും. തോട്ടില്‍ തടയണകെട്ടി വെള്ളം സംഭരിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരേറെയാണ്. കുളത്തിന് സമീപത്ത് മറ്റൊരു വലിയ തോടുണ്ട്. മഴക്കാലത്ത് ഈ തോട്ടിലൂടെ ഒഴുകുന്ന വെള്ളവും കുളത്തില്‍ നിന്ന് വരുന്ന വെള്ളവും സംഗമിച്ച് കാനം, കേളോത്ത് ഭാഗങ്ങളിലെ തോട്ടിലേക്ക് ശക്തമായി ഒഴുകും. വരള്‍ച്ച രൂക്ഷമാകുന്പോള്‍ കുളത്തിലെ ജലനിരപ്പ് താഴുന്നതിനാല്‍ തോടുകളിലെ നീരൊഴുക്ക് നിലയ്‌ക്കും. എന്നാല്‍ കുളം ഒരിക്കലും വറ്റിയ ചരിത്രമില്ലെന്ന് സമീപവാസികള്‍ പറയുന്നു. കുളത്തില്‍ അടിഞ്ഞുകൂടിയ പായലുകളും മറ്റും നീക്കം ചെയ്ത് അടിഭാഗം കൂടുതല്‍ കുഴിച്ചാല്‍ ജലലഭ്യത കൂടുമെന്നും കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.










0 comments