ad
Deshabhimani

ഇന്ന് മഞ്ഞ അലർട്ട് നനഞ്ഞുകുതിർന്ന്‌ ജില്ല

മൈലാട്ടിയിലെ ഉദുമ ടെക്‌സ്‌റ്റൈൽ മില്ലിനുമുന്നിലെ വെള്ളക്കെട്ട്‌
വെബ് ഡെസ്ക്

Published on Jul 21, 2025, 03:01 AM | 2 min read

കാസർകോട്‌

റെഡ്‌ അലർട്‌ പിൻവലിച്ചെങ്കിലും ജില്ലയിൽ മഴയ്‌ക്കും ദുരിതത്തിനും ശമനമില്ല. രണ്ടുമാസമായി നിർത്താതെ പെയ്‌ത മഴയിൽ നനഞ്ഞുകുതിർന്ന മണ്ണിടിഞ്ഞാണ്‌ പല ഭാഗത്തും അപകടങ്ങളുണ്ടായത്‌. കാഞ്ഞങ്ങാട്‌ കേളോത്തും ചട്ടഞ്ചാലിലും കുന്നിൻ ചരിവിലുള്ള വീടുകൾ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്‌. കേളോത്ത്‌ നാല്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിവിധ പുഴകളുടെ തീരങ്ങളിലും കരയിടിച്ചിൽ രൂക്ഷമായിട്ടുണ്ട്‌. തേജസ്വിനി, നീലേശ്വരം പുഴയോരത്താണ്‌ കരയിടിച്ചിൽ രൂക്ഷം. കാലവർഷം ആരംഭിച്ചതുമുതൽ 2770 മില്ലീമീറ്റർ മഴയാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മഴമാപിനികളിലെ കണക്ക്‌ പരിശോധിച്ചതിൽ ലഭിച്ചത്‌. ജൂലൈയിൽ 1067 മില്ലീമീറ്റർ മഴയും ലഭിച്ചു. തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പ്രഖ്യാപിച്ചത്‌. മഴയുടെ ശക്തി കുറയുകയും ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതാണെന്ന് കലക്ടർ അറിയിച്ചു.


തോട്‌ സർവീസ്‌ റോഡാക്കി വെള്ളം ഇരച്ചെത്തുന്നു;
ടെക്‌സ്‌റ്റൈൽ മില്ലിൽ ദുരിതം

ഉദുമ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി മഴക്കാലത്ത്‌ വെള്ളം ഒഴുകിപ്പോയിരുന്ന തോട്‌ സർവീസ്‌ റോഡാക്കി മാറ്റിയപ്പോൾ പെട്ടത്‌ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മൈലാട്ടിയിലെ ഉദുമ ടെക്സ്‌റ്റൈൽ മില്ലും തൊഴിലാളികളും. തോട്‌ പൂർണമായും മൂടിയതോടെ വെള്ളം ഇരച്ചെത്തുന്നത്‌ മില്ലിൻെറ മുറ്റത്തേക്ക്‌. ഇതോടെ മില്ലിന്റെ പ്രവർത്തനവും അവതാളത്തിലായി. മൈലാട്ടി വൈദ്യുതി സബ് സ്റ്റേഷന്‌ മുൻവശത്ത്‌ മഴക്കാലത്ത് വെള്ളം ഒഴുകി പോയിരുന്ന തോടാണ് സർവീസ് റോഡാക്കിയത്. ഇതെത്തുടർന്ന് മഴവെള്ളമൊഴുകിപ്പോകാൻ വഴിയില്ലാതെ സമീപത്തുള്ള പറമ്പുകളിലേക്കുംഅതുവഴി ടെക്സ്റ്റയിൽ മില്ലിലേക്കുമാണ്‌ വെള്ളമെത്തുന്നത്‌. ശക്തമായി മഴ പെയ്താൽ ഒഴുകിവരുന്ന ചെളിവെള്ളം മില്ലിന്റെ അകത്തേക്കും കയറുന്നു. മില്ലിന്റെ മുറ്റത്ത് വെള്ളക്കെട്ടിനെതുടർന്ന് ഉൽപന്നങ്ങൾ കയറ്റി അയക്കാനും അസംസ്കൃത വസ്തുക്കൾ കൊണ്ടുവരാനുമാകുന്നില്ല. ജീവനക്കാർക്ക് മില്ലിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്‌. ദേശീയപാതാ അതോറിറ്റിയ്ക്ക്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ദേശീയപാതയുടെ മുകളിലെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഉത്തരവാദിത്തം മാത്രമേ തങ്ങൾക്കുള്ളുമെന്ന നിലപാടിലാണിവർ. നിർമാണത്തിന്റെ ഭാഗമായി രണ്ടാംറീച്ചിലെ കരാർ ഏറ്റെടുത്ത മേഘ കമ്പനി അധികൃതർ ദേശീയ പാതയ്‌ക്കിരുവശത്തെയും ഭൂമിശാസ്‌ത്രം മനസിലാക്കാതെ നിർമാണം തുടങ്ങിയതിനാൽ ചെർക്കള, ബേവിഞ്ച, ചട്ടഞ്ചാൽ എന്നിവിടങ്ങളിലുണ്ടായ അപകടഭീതിക്കൊപ്പം മൈലാട്ടിയിലും ഭീതിയിലായത്‌ ഇരുനൂറോളം തൊഴിലാളികളാണ്‌. ഇന്ത്യയിലെ ആധുനിക മില്ലുകളോട്‌ കിടപിടിക്കുന്നതാണ്‌ ഉദുമ മിൽ. ജർമനി, തായ്‌വാൻ, ചൈന എന്നിവിടങ്ങളിൽ നിന്നിറക്കുമതി ചെയ്‌ത അത്യാധുനിക യന്ത്രങ്ങളും വെള്ളം കയറി നശിക്കുമോയെന്ന ആധിയിലാണ്‌ തൊഴിലാളികൾ. ഹൈടെക്‌ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനാൽ ഗുണനിലവാരം കൂടിയ നൂലാണ്‌ ഇവിടെ ഉൽപാദിപ്പിക്കുന്നത്‌. രണ്ട്‌ ഷിഫ്‌റ്റുകളിലായി 130 തൊഴിലാളികളാണ്‌ മില്ലിൽ ജോലിചെയ്യുന്നത്‌.


നാല് കുടുംബം താമസം മാറി കേളോത്ത് അക്കരമ്മല്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍


സ്വന്തം ലേഖകൻ പുല്ലൂർ കേളോത്ത് അക്കരമ്മൽ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിൽ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ അക്കരമ്മലിൽ കുന്നിൽ നിന്ന് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് വീട്ടുമുറ്റത്ത് വീണു. അക്കരമ്മൽ കാടൻ വീട്ടിൽ ഭാസ്കരന്റെ വീട്ടുമുറ്റത്തേക്കാണ് കല്ലും മണ്ണും വീണത്. കവുങ്ങിൻ തോപ്പിലൂടെ മണ്ണും കല്ലും സഹിതം മഴവെള്ളം കുതിച്ചെത്തുകയായിരുന്നു. കല്ലുകൾ പതിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടിയുണരുകയായിരുന്നു. കുന്നിൽ നിന്നും അസാധാരണ ശബ്ദം കേട്ടതായും വീട്ടുകാർ പറയുന്നു. ഏത് സമയത്തും ഉരുൾപൊട്ടലുണ്ടാകാമെന്ന ആശങ്കയിലാണ്‌ ഇവർ. കുന്നിന് താഴെ ഭാസ്കരന്റെ കുടുംബം ഉൾപ്പെടെ നാല് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴ തുടർന്നാൽ ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് കുടുംബങ്ങളും താമസം മാറി. ഭാസ്കരൻ, രാജൻ, അധ്യാപകനായ രാജൻ എന്നിവരുടെ വീടുകളും ഭീഷണിയിലാണ്‌. ദേശീയപാത വികസനത്തിന്റെ ഭാ​ഗമായി കരാർ കമ്പനിയായ മേഘ കൺസ്‌ട്രക്‌ഷൻസ്‌ മയിലാട്ടികുന്നിൽ നിന്ന് മണ്ണെടുത്തിരുന്നു . അനുവദിച്ചതിലും അധികം മണ്ണെടുത്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്ത് വരികയും ഇതേ തുടർന്ന് മണ്ണെടുപ്പ് നിർത്തിവക്കുകയും ചെയ്തു. മണ്ണെടുത്ത ഭാ​ഗത്ത് നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home