ad
Deshabhimani

‘ഹൃദ്യം’ കാത്തത്‌ 
440 പാൽപ്പുഞ്ചിരി

കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ നവജാത ശിശുക്കളുടെ 
ഹൃദയ പരിശോധനക്കായി ഒരുക്കിയ കേന്ദ്രം
avatar
പി പി സതീഷ്‌ കുമാർ

Published on Oct 16, 2025, 03:00 AM | 1 min read

കാസർകോട്‌ ജീവിതത്തിലേക്ക്‌ പിച്ചവയ്‌ക്കും മുന്പേ വീണുപോവുമായിരുന്ന 440 ജീവനുകളെയാണ്‌ ജില്ലയിൽ ‘ഹൃദ്യം’ കളിചിരികളിലേക്ക്‌ മടക്കികൊണ്ടുവന്നത്‌. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി എൽഡിഎഫ്‌ സര്‍ക്കാര്‍ ആരംഭിച്ച ‘ഹൃദ്യം’ ലോകത്ത്‌ മറ്റൊരിടത്തുമില്ലാത്ത മാതൃകയാണ്‌. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ഹൃദയചികിത്സയ്‌ക്കായി ഹൃദയപൂർവം കേരളം ആരംഭിച്ച പദ്ധതി. 2017ൽ തുടക്കമിട്ട പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 440 കുട്ടികൾക്ക്‌ ഹൃദയശസ്‌ത്രക്രിയകൾക്കും അനുബന്ധ ചികിത്സയും ഉറപ്പാക്കാനായി. 4.81 കോടി രൂപയാണ്‌ ഇതിനായി ജില്ലയിൽ മാത്രം ചെലവഴിച്ചത്‌. സംസ്ഥാനത്ത്‌ 8515 കുഞ്ഞുങ്ങൾക്ക്‌ ഹൃദ്യം കരുതലായി. ലക്ഷങ്ങൾ ചെലവുവരുന്ന രോഗനിർണയവും ശസ്‌ത്രക്രിയയും ആശുപത്രിവാസവും തുടർചികിത്സയും ഉൾപ്പെടെയുള്ള ഹൃദ്യം പദ്ധതി ഉറപ്പാക്കുന്നുണ്ട്‌. ഉത്തർപ്രദേശുകാരായ ശിശുപാൽ– രുചി ദന്പതികളുടെ അഞ്ചുമാസം പ്രയമുള്ള രാംരാജാണ്‌ കാസർകോടുനിന്ന്‌ ആരോഗ്യകേരളത്തിന്റെ കരുതൽ ഏറ്റുവാങ്ങിയ ഏറ്റവും ഒടുവിലത്തെ കുഞ്ഞ്‌. കോഴിക്കോട്‌ ആസ്‌റ്റർ മിംസ്‌ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക്‌ വിധേയനായ രാംരാജ്‌ രണ്ടുദിവസത്തിനകം ആശുപത്രി വിടും. ​ജനന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധയിലൂടെയാണ്‌ പ്രധാനമായും രോഗനിർണയം. കാസർകോട്‌ ജനറൽ ആശുപത്രി, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിൽ രോഗനിർണയ സംവിധാനങ്ങളുണ്ട്‌. സ്വകാര്യ ആശുപത്രികൾ റഫർ ചെയ്‌ത്‌ അയക്കുന്ന കുഞ്ഞുങ്ങൾക്കും ഹൃദ്യം തുണയാകും. അങ്കണവാടികളിലും സ്‌കൂളുകളിലും നടത്തുന്ന ആര്‍ബിഎസ് കെ സ്‌ക്രീനിങ് വഴിയും കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നുണ്ട്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിങ് നടത്തുന്നുണ്ട്‌. രക്തത്തിൽ ഓക്‌സിജന്റെ അളവ്‌ നിർണയിക്കുന്ന ഇ‍ൗ പരിശോധനയിലൂടെ ഹൃദ്രോഗം നിർണയിക്കാനാവും. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്‌ധന്റെ സഹായത്തോടെ എക്കോ പരിശോധന ഉള്‍പ്പെടെ നടത്തിയാണ്‌ രോഗ നിർണയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home