പരിസ്ഥിതിലോല മേഖല വിജ്ഞാപനം
മൗനത്തിലാണ് യുഡിഎഫ് ജനപ്രതിനിധികൾ


സ്വന്തം ലേഖകൻ
Published on Sep 03, 2026, 12:26 AM | 2 min read
എടക്കര
പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തെ തുടർന്ന് മലയോര മേഖലയിൽ ആശങ്ക പരക്കുമ്പോഴും ജില്ലയിലെ മന്ത്രിമാർക്കും എംപി, എംഎൽഎമാർക്കും മൗനം. വണ്ടൂർ, നിലമ്പൂർ മണ്ഡലത്തിലാണ് കൂടുതൽ വില്ലേജുകൾ. വണ്ടൂർ എംഎൽഎ എ പി അനിൽ കുമാർ റവന്യൂ മന്ത്രിയാണ്. സംഭവം സംബന്ധിച്ച് നാളിതുവരെ ഒരു പ്രസ്താവന ഇറക്കാൻപോലും തയ്യാറായിട്ടില്ല.
കോൺഗ്രസ് മുസ്ലിംലീഗ് മന്ത്രിമാരും എംഎൽഎമാരും മൗനംതുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആശങ്കയിലുള്ളത് വയനാട് പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന വില്ലേജുകളിലാണ്. ജനങ്ങൾ കുടിയിറക്ക് ഭീഷണിയിൽ കഴിയുമ്പോൾ വയനാട് എംപി പ്രിയങ്ക ഗാന്ധി കണ്ട ഭാവം നടിക്കുന്നില്ല. പാർലമെന്റിൽ വിഷയം ഉന്നയിക്കാനും തയ്യാറാകുന്നില്ല. ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിലാണ് ജില്ലയിലെ 11 വില്ലേജുകൾ ഉൾപ്പെടുത്തിയത്. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന് മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഴാം കരട് വിജ്ഞാപനത്തിലും കേന്ദ്ര സർക്കാർ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല.
വിജ്ഞാപനം അന്തിമമാകുന്നതോടെ ഖനനം, ക്വാറികൾ, വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. നിലവിലുള്ള കൃഷിരീതികളും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതവും മാറും. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ജൂലൈ 27നാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ആദിവാസി ഉന്നതികളിലെ ആശങ്ക പരിഹരിക്കണം
പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തെ തുടർന്ന് ആദിവാസി ഉന്നതികളിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂർ താലൂക്കിലെ 11 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്‌എ) കരട് വിജ്ഞാപനംചെയ്‌ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം.
വനത്തിനകത്ത് ആദിവാസികൾക്ക് സമ്പൂർണ പാർപ്പിടത്തിന് ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കി. വനത്തിലൂടെ കോൺക്രീറ്റ് റോഡുകളുടെ നിർമാണവും തുടങ്ങി. ഇവയെല്ലാം എന്നന്നേക്കുമായി നിലക്കുമെന്ന ആശങ്കയുണ്ട്. കരട് വിജ്ഞാപനത്തിന്റെ കാലാവധി പൂർത്തിയാക്കാൻ മൂന്നാഴ്‌ചയാണുള്ളത്. ആദിവാസികളും കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ് കരടിലുള്ളത്. ഉന്നതികളിലെ അടിസ്ഥാനസൗകര്യ വികസനമടക്കം നിലയ്‌ക്കുന്ന സ്ഥിതിയുണ്ടാകും.
വഴിക്കടവ് പുഞ്ചക്കൊല്ലി, പോത്തുകല്ല് വാണിയമ്പുഴ പ്ലാന്റേഷൻ തൊഴിലാളികൾ ആദിവാസികളാണ്. നിയന്ത്രണം വന്നാൽ തൊഴിൽ നഷ്ടപ്പെടും. ആദിവാസികളുടെ ജീവിതം തകർക്കുന്ന നടപടിക്കെതിരെ ജില്ലയിലെ മന്ത്രിമാരും എംഎൽമാരും വയനാട് എംപിയും ഒരക്ഷരം പറഞ്ഞിട്ടില്ല.
സംസ്ഥാന സർക്കാരും യുഡിഎഫ് നേതൃത്വവും മൗനത്തിലാണ്. ജില്ലയിലെ മുഴുവൻ വില്ലേജുകളെയും പരിസ്ഥിതിലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വിദഗ്ധ സമിതിയോട് നേരത്തെ എൽഡിഎഫ് സർക്കാർ ആവശ്യപ്പെടുകയും റിപ്പോർട്ട് നൽകുകയും ചെയ്‌തതാണ്. നിലവിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണ്.
സർക്കാർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭങ്ങൾക്ക് എകെഎസ് നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി കെ സി ശിവദാസൻ, ജില്ലാ പ്രസിഡന്റ് വിനുമോൻ, ജില്ലാ കോ- ഓർഡിനേറ്റർ വി കെ ഷാനവാസ് എന്നിവർ സംസാരിച്ചു.










0 comments