വണ്ടിപ്പൂട്ട് കണ്ടത്തിലെ റോക്കിങ് സ്‌റ്റാർസ്

വണ്ടൂർ പനംപൊയിലിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിൽ ടി എം ബബിത, മകൾ സൈന ഹസൻ
സുധ സുന്ദരൻ
Published on Sep 03, 2026, 12:29 AM | 1 min read
മലപ്പുറം
കാളപൂട്ട് കണ്ടത്തിൽ കുഴഞ്ഞുമറിഞ്ഞ ചെളിയിലൂടെ ജീപ്പ് പായിക്കുമ്പോള്‍ ബബിതയ്ക്ക് കേള്‍ക്കാമായിരുന്നു ചുറ്റുംകൂടിയവരുടെ ആവേശം. ‘പറപ്പിച്ച് വിട് ഉമ്മാ’യെന്ന മകളും കോ–ഡ്രൈവറുമായ സൈനയുടെ പിന്തുണയും കൂടെയായപ്പോൾ ചേറിലും കുതിച്ചുപാഞ്ഞ് മൂന്നര മിനിറ്റിനുള്ളിൽ റൈഡിങ് ഫിനിഷ്. അതും തന്റെ ആദ്യ മത്സരത്തിൽ.
വണ്ടൂർ പനംപൊയിലിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിലാണ് നിലമ്പൂർ സ്വദേശി ടി എം ബബിത (51)യും മകൾ സൈന ഹസ(23)നും മാറ്റുരച്ചത്. വനിതാ വിഭാഗത്തിൽ ഒന്പത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 3.21 മിനിറ്റിലാണ് ബബിത റൈഡ് പൂർത്തിയാക്കിയത്.
ഡ്രൈവിങ് അറിയാമെങ്കിലും ആദ്യമായാണ് വണ്ടിപ്പൂട്ട് മത്സരത്തിൽ പങ്കാളിയാവുന്നത്.
പരസ്യ മേഖലയിൽ ജോലിചെയ്യുന്ന സൈനയുടെയും ആദ്യമത്സര ട്രാക്ക് ഇതുതന്നെ.
നിലമ്പൂർ വൈൽഡ് വീൽസ് അഡ്വഞ്ചർ ക്ലബ് മുഖേനയാണ് ബബിത ആദ്യമായി ഓഫ് റോഡ് ഡ്രൈവിന്റെ ഭാഗമാവുന്നത്. ക്ലബ് അംഗങ്ങൾക്കും തുടക്കക്കാർക്കുമായി ആഗസ്ത് 15നാണ് പ്രദേശത്ത് ചെറിയ രീതിയിൽ വൈൽഡ് വീൽസ് ക്ലബ് റൈഡ് സംഘടിപ്പിച്ചത്. ബബിതയും അതിൽ പങ്കാളിയായി. ആ അനുഭവം ഓഫ് റോഡ് റൈഡിന് ആവേശമായി. പിന്നീടാണ് നാട്ടിലെ സ്‌കൂളിന് സ്വന്തം ഗ്രൗണ്ട് ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വണ്ടൂർ പനംപൊയിൽ പ്രിയദർശിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് ഫണ്ട് ശേഖരണാർഥം നിലമ്പൂർ വൈൽഡ് വീൽസ് അഡ്വഞ്ചർ ക്ലബ് വണ്ടിപ്പൂട്ട് സംഘടിപ്പിക്കുന്നത്. വനിതാ വിഭാഗത്തിൽ പ്രത്യേക മത്സരവും ഒരുക്കിയിരുന്നു. ക്ലബ്ബിന്റെ ഭാഗമായാണ് ബബിതയും മകളും മത്സരത്തിനിറങ്ങിയത്. എല്ലാ പിന്തുണയുമായി ഭർത്താവ് ഹസ്സനും കൂടെയുണ്ട്. ബബിതയുടെ സഹോദരിയും വണ്ടിപ്പൂട്ട് മത്സരത്തിൽ പങ്കാളിയായിരുന്നു. മികച്ച പ്രകടനം നടത്താനായതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും.










0 comments