നൂറ്റാണ്ടിന്റെ സാക്ഷി
കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമയിലേക്ക്

കാര്യങ്കോട് പുഴയിലെ പഴയ റെയിൽവേ പാലം പൊളിച്ചുനീക്കുന്നു
നീലേശ്വരം
അധിനിവേശ കാലത്തിനും നിരവധി പോരാട്ടങ്ങൾക്കും സാക്ഷിയായി ഒരു നൂറ്റാണ്ടിലേറെ കാലം ചരിത്രത്തിനൊപ്പം നിലനിന്ന കാര്യങ്കോട് പഴയ റെയിൽവേ പാലം ഇനി ഓർമകളിലേക്ക്. 120 വർഷം പഴക്കമുള്ള പാലം പൊളിച്ചുമാറ്റുന്ന ജോലി കഴിഞ്ഞ ദിവസം തുടങ്ങി. ബ്രിട്ടിഷുകാരുടെ കാലത്ത് 1906ലാണ് കാര്യങ്കോട് പുഴയിൽ റെയിൽപാലം നിർമിച്ചത്. ഇരുകരകളോട് ചേർന്നതുൾപ്പെടെ 18 തൂണുകളിൽ 12.9 മീറ്ററുള്ള 14 സ്പാനുകൾ സ്ഥാപിച്ചാണ് പാലം നിർമിച്ചത്. ജില്ലയിൽ റെയിൽവേയുടെ എറ്റവും വലിയ പാലമാണിത്. പാലത്തിന് കാലപ്പഴക്കം വന്നതോടെ ഏതാനും വർഷം മുന്പ് സമീപത്തുതന്നെ റെയിൽവേ പുതിയ പാലം നിർമിച്ചു. ഇതിലൂടെയാണ് ഇപ്പോൾ ട്രെയിനുകൾ സർവീസ് നടത്തുന്നത്. പഴയ പാലത്തിലൂടെ 2023 മെയ് 18നാണ് അവസാനമായി ട്രെയിൻ ഓടിയത്. അതിനുശേഷം ഇൗ പാലത്തിലൂടെ ട്രെയിൻ സർവീസ് ഉണ്ടായിട്ടില്ല. പാലം പൊളിച്ചുനീക്കി തമിഴ്നാട് തൃശിനാപള്ളിയിലെ കമ്പി നിർമാണ ഫാക്ടറിയിലേക്കാണ് കൊണ്ടുപോകുക. 25 നകം പാലം മുഴുവൻ പൊളിച്ചുമാറ്റാനാണ് കമ്പനിക്ക് നൽകിയ കരാർ. ഇതോടെ ബ്രിട്ടിഷുകാർ നിർമിച്ച ജില്ലയിൽ അവശേഷിക്കുന്ന ഏക പാലവും ചരിത്രത്തിലേക്ക് വഴി മാറും. കുമ്പളയിൽ ബ്രിട്ടിഷുകാർ നിർമിച്ച പാലം അഞ്ച് വർഷം മുന്പ് പൊളിച്ച് മാറ്റിയിരുന്നു. 18 തൂണുകളുള്ള കാര്യങ്കോട് റെയിൽവേ പാലം പൊളിച്ച് മാറ്റുമ്പോൾ പാലത്തിന്റെ തീരങ്ങളിലുള്ള ജനതയ്ക്ക് അവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മാറ്റപ്പെടുന്നത്. വൈകുന്നേരങ്ങളിൽ പാലത്തിന്റെ തൂണുകൾക്ക് താഴെയിരുന്ന് പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും പാളത്തിലൂടെയുള്ള സായാഹ്ന യാത്രകളുമടക്കം ഗൃഹാതുരതയുയർത്തുന്ന ഓർമകൾ പലതുണ്ട്. ഇരുഭാഗങ്ങളിലൂടെ ആളുകൾക്ക് നടന്നുപോകാനുള്ള -സൗകര്യം പാലത്തിലുണ്ടായിരുന്നു. ട്രെയിൻ വരുമ്പോൾ ഇറങ്ങിനിൽക്കാനുള്ള സൗകര്യവുമുണ്ട്. ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയവരുടെയും രക്ഷപ്പെട്ടവരുടെയും ഒട്ടേറെ കഥകളും പാലത്തിന് പറയാനുണ്ട്. പാലം ഇൗ മാസം 10 നുള്ളിൽ പാലം പൊളിച്ചുമാറ്റി കൊണ്ടുപോകാനായിരുന്നു കരാർ നൽകിയത്. എന്നാൽ അത് 25 വരെ നീട്ടി കൊടുത്തിരിക്കുകയായിരുന്നു. പാലത്തിന്റെ പാളങ്ങളാണ് ഇപ്പോൾ പൊളിച്ചുകൊണ്ടുപോകുന്നത്. കല്ലുപയോഗിച്ച് നിർമിച്ച ഇതിന്റെ തൂണുകൾ പുഴയിൽതന്നെ നിർത്തും.










0 comments