ബസ്ബേയില്ല; സർവീസ് റോഡിന് വീതിയും

പൊയിനാച്ചി ദേശീയപാതയുടെ സർവീസ് റോഡിന് ആവശ്യമായ വീതിയില്ലാത്തിനാൽ ഇരുവശത്തേക്കും സുഗമമായി സഞ്ചരിക്കാനാകാതെ വാഹനങ്ങൾ. ദേശീയപാത നിർമാണം പൂർത്തിയായ ഭാഗത്തെ സർവീസ് റോഡുകളിൽ ഇരുഭാഗത്തേയും ഗതാഗതം സുഗമമാക്കുമെന്ന് ദേശീയപാത അധികൃതർ പറയുമ്പോഴും പലയിടത്തും അതിനനുസരിച്ച് റോഡിന് വീതിയില്ലാത്തത് പ്രതിസന്ധിയാക്കുന്നു. ഇതോടെ വാഹനയാത്രക്കാർ തമ്മിൽ തർക്കങ്ങളും പതിവാകുന്നു. ഇരുവശത്തേക്കുമുള്ള ഗതാഗത സൗകര്യമുള്ള റോഡിന് ചുരുങ്ങിയത് 7.5 മീറ്റർ വീതി വേണമെന്നാണ് ചട്ടം. എന്നാൽ പലയിടത്തും ആറു മീറ്റർ മുതൽ 6.45 മീറ്റർ വരെ മാത്രമേയുള്ളു. ഇരുദിശകളിലേക്കും വാഹനങ്ങൾ പോകുമ്പോൾ റോഡുകളുടെ വീതി ഒരു വശത്തേക്ക് മൂന്നു മീറ്ററോളമായി ചുരുങ്ങുന്നു. ഇതിനേക്കാൾ വീതികുറഞ്ഞ സർവീസ് റോഡുകളുമുണ്ട്. പലയിടങ്ങളിലും കാൽനടയാത്രാസൗകര്യമില്ല. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും വലിയ വാഹനങ്ങളെ മറികടക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഇതിനുപുറമേ ബസ്ബേ ഇല്ലാത്തതിനാൽ സർവീസ് റോഡിൽ ബസ് നിർത്തി ആൾക്കാരെ കയറ്റിയിറക്കുന്നതും ഗാതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ദേശീയപാത നിർമാണം 45 മീറ്റർ വീതിയിലാണ്. പൊയിനാച്ചി, ചട്ടഞ്ചാൽ, പെരിയാട്ടടുക്കം പോലുള്ള ടൗണുകളിൽ സർവീസ് റോഡുകളിലെ വീതിക്കുറവ് പ്രതിസന്ധിയുണ്ടാക്കുന്നു. ഈ റോഡുകളിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിച്ചാൽ വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ജില്ലാ ഭരണകൂടത്തിനു പ്രാദേശികമായി, നിശ്ചിത സ്ഥലങ്ങളിലെ സർവീസ് റോഡുകൾ വൺവേ ആയോ ടൂവേ ആയോ ഉപയോഗപ്പെടുത്താനും അധികാരമുണ്ട്.










0 comments