ad
Deshabhimani

അത്‌ നീലക്കുറിഞ്ഞിയല്ല, മേട്ടുകുറിഞ്ഞി

നാടുകാണിയില്‍ പൂത്ത മേട്ടുകുറിഞ്ഞി പൂക്കള്‍

നാടുകാണിയില്‍ പൂത്ത മേട്ടുകുറിഞ്ഞി പൂക്കള്‍

വെബ് ഡെസ്ക്

Published on Jul 30, 2026, 12:14 AM | 1 min read

നിലന്പൂര്‍

നീലഗിരി താഴ്‌വാരങ്ങളോട് ചേർന്ന തമിഴ്നാട് അതിർത്തി പങ്കിടുന്ന നാടുകാണി മലനിരകളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ നീലനിറത്തിലുള്ള പൂക്കൾ യഥാർഥ നീലക്കുറിഞ്ഞിയല്ലെന്ന് സസ്യശാസ്ത്ര ഗവേഷകൻ ഡോ. ജോമി അഗസ്റ്റിൻ. കുറിഞ്ഞി സസ്യങ്ങളെക്കുറിച്ച് നാല് പതിറ്റാണ്ടിലേറെയായി ഗവേഷണം നടത്തുന്ന ഡോ. ജോമി അഗസ്റ്റിൻ പാലാ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം മുൻ മേധാവിയും പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമാണ്. നാടുകാണിയിൽ പൂത്തത് മേട്ടുകുറിഞ്ഞി എന്ന സസ്യ ഇനമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നീലക്കുറിഞ്ഞി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റായ വിവരങ്ങളോടെയാണ് പങ്കുവയ്ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മേട്ടുകുറിഞ്ഞിയും കൂട്ടമായി പൂക്കുന്ന അപൂർവ സസ്യമാണ്. സാധാരണ ആറുമുതൽ എട്ട് വർഷംവരെയുള്ള ഇടവേളകളിലാണ് ഇവ പൂക്കുന്നത്. നീലക്കുറിഞ്ഞി സമുദ്രനിരപ്പിൽനിന്ന് 1200 മീറ്ററിനുമുകളിലുള്ള മേടുകളിലാണ്‌ കാണപ്പെടുന്നതെങ്കിൽ മേട്ടുകുറിഞ്ഞി 1200 മീറ്റർവരെയുള്ള പുൽമേടുകളിലാണ് പൂക്കുന്നത്. മാത്രമല്ല നീലക്കുറിഞ്ഞിയുടെ ഇലകൾക്ക് ഞെട്ട് (പീറ്റിയോൾ)ഉണ്ട്. മേട്ടുകുറിഞ്ഞികൾക്കില്ല. പറിക്കുന്നതിന്‌ 
വിലക്ക്‌ നീലക്കുറിഞ്ഞി, മേട്ടുകുറിഞ്ഞിപോലുള്ള അപൂർവ സസ്യങ്ങളെ പറിക്കുന്നതും വേരോടെ പിഴിയുന്നതും നിയമവിരുദ്ധമാണ്. പ്രകൃതിയുടെ ഭാഗമായ ഈ അപൂർവ പൂക്കാലം സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ അഭ്യർഥിച്ചു. സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന നീലക്കുറിഞ്ഞിയെ അനുമതിയില്ലാതെ പറിക്കുന്നവർക്ക് വന്യജീവി (സംരക്ഷണ) നിയമം, 1972 പ്രകാരം മൂന്ന് വർഷംവരെ തടവോ, 25,000 രൂപവരെ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home