ad
Deshabhimani

print edition തൊഴിലാളി – കർഷക ദേശീയ കൺവൻഷൻ; ജയിൽ നിറയ്‌ക്കൽ സമരം വിജയിപ്പിക്കണം: എളമരം

CITU ELAMARAM KAREEM
വെബ് ഡെസ്ക്

Published on Jul 30, 2026, 12:52 AM | 1 min read

ന്യൂഡൽഹി: ആഗസ്‌ത്‌ 10ന് പ്രഖ്യാപിച്ച ജയിൽ നിറയ്‌ക്കൽ സമരം വൻവിജയിപ്പിക്കണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. കേന്ദ്ര ട്രേഡ്‌ യൂണിയനകളും സംയുക്ത കിസാൻ മോർച്ചയും സംഘടിപ്പിച്ച ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം അടിച്ചമർത്തലും പൊലീസ് നടപടിയും ഉണ്ടായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നയിക്കും.


തൊഴിലാളി, കർഷക ഐക്യത്തില‍ൂടെ മോദി സർക്കാരിനെ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്ന്‌ ഉറപ്പാണ്‌. വിദ്യാർഥി സമരത്തിന്‌ മുന്നിൽ മോദിക്ക്‌ കീഴടങ്ങേണ്ടി വന്നു. അഞ്ച്‌ വർഷം മുൻപ്‌ സംയുക്ത കിസാൻ മോർച്ച നയിച്ച ഐതിഹാസിക പ്രക്ഷോഭത്തെത്തുടർന്ന്‌ കാർഷിക ബിൽ പിൻവലിക്കേണ്ടി വന്നു.


അടിമത്തം നടപ്പാക്കാൻ തയ്യാറാക്കിയ ബ്ലൂപ്രിന്റാണ്‌ തൊഴിൽ കോഡ്‌. തൊഴിൽ സമയം, മാന്യമായ വേതനം, സാമൂഹിക സുരക്ഷ, ട്രേഡ്‌ യൂണിയൻ രൂപീകരിക്കാനുള്ള അവകാശം, കൂട്ടായ ചർച്ച നടത്താനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട്‌ തൊഴിലാളികൾക്കുള്ള മൗലികാവകാശം തൊഴിൽ കോഡുകൾ കവർന്നെടുക്കുന്നു. തൊഴിൽ കോഡുകളുടെ അന്തിമ ചട്ടം വിജ്ഞാപനം ചെയ്യുന്നത്‌ നാല്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ കേന്ദ്രം വൈകിപ്പിച്ചു. ഫലം വന്ന്‌ നാല്‌ ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിലാക്കി.


നിയമനിർമാണത്തിലൂടെ തൊഴിലാളികൾ കൂട്ടായി ഉന്നയിക്കുന്ന ആവശ്യങ്ങളെയും യൂണിയൻ പ്രവർത്തനത്തെയും കുറ്റകൃത്യമാക്കിമാറ്റി.

ഇന്ത്യ–യുഎസ്‌ വ്യാപാര കരാർ രാജ്യത്തെ കർഷകരെ തകർച്ചയിലേക്ക്‌ നയിക്കും. എംജിഎംഎൻആർഇജിഎ പദ്ധതിയെയും സർക്കാർ ഇല്ലാതാക്കി. നിർണായക മേഖലയായ വൈദ്യുതി മേഖലയെ സർക്കാർ സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും ഭേദഗതി ചെയ്തു. ഇ‍ൗ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കണമെന്നും എളമരം കരീം കൺവൻഷനിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home