ട്രോളിങ് നിരോധനം നാളെ അവസാനിക്കും

കൊടുങ്ങല്ലൂർ
വെള്ളിയാഴ്ച അർധരാത്രി ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ കടലിൽ പോകാനൊരുങ്ങി മീൻപിടിത്ത ബോട്ടുകൾ. മുനമ്പം, അഴീക്കോട് ഹാർബറുകളിൽ നിന്ന് 800 ഓളം ബോട്ടുകളാണ് 52 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കടലിൽ പോകാൻ സജ്ജമായത്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി. ബോട്ടുകൾ എൻജിൻ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീൻ, കൂന്തൾ, ചെമ്മീൻ എന്നിവയിലാണ് ബോട്ടുകാർക്ക് പ്രതീക്ഷയുള്ളത്. കഴിഞ്ഞ സീസണിൽ മീൻ കുറവായിരുന്നു. ഇന്ധന വിലവർധനയും മീൻ ലഭ്യതക്കുറവും പ്രശ്‌നമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. സൗജന്യ റേഷൻ വൈകിയതിൽ ഇവർക്ക് പ്രതിഷേധമുണ്ട്. ട്രോളിങ് നിരോധനത്തെത്തുടർന്ന് പൂട്ടിയ മത്സ്യഫെഡിന്റെ ഉൾപ്പെടെയുള്ള ഇന്ധന പമ്പുകൾ വെള്ളിയാഴ്ച തുറക്കും.









0 comments