കാഞ്ഞങ്ങാട് സൗത്തിലെ ടാങ്കർ ലോറി അപകടം

വാതക ചോർച്ചയടച്ചു; ആശങ്കയണഞ്ഞു

വാതക ചോർച്ച അടച്ചശേഷം കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ  ലോറിയിലെ ടാങ്കർ  ഖലാസികൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു. ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
avatar
ടി കെ നാരായണൻ

Published on Jul 26, 2025, 03:00 AM | 2 min read

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് സൗത്തിൽ അപകടത്തിൽപ്പെട്ട ലോറി ഉയർത്തുന്നതിനിടെ ക്രെയിൻ തട്ടി ടാങ്കറിന്റെ വാൾവ് പൊട്ടിയുണ്ടായ വാതക ചോർച്ചയടച്ചു. മംഗളൂരുവിൽനിന്ന് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്രത്യേക സംഘമെത്തിയാണ്‌ ചോർച്ചയടച്ചത്‌. വ്യാഴാഴ്ച അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയെ വെള്ളി രാവിലെ പത്തോടെയാണ് ക്രെയിനിന്റെ സഹായത്തോടെ ഉയർത്താൻ കണ്ണൂർ കുപ്പത്തുനിന്നെത്തിയ ഖലാസികളടങ്ങുന്ന സംഘം ശ്രമം തുടങ്ങിയത്‌. പ്രശ്‌നങ്ങളൊന്നുമില്ലാതെ ടാങ്കർ ഉയർത്തുന്ന പ്രവൃത്തി തീരാറായപ്പോൾ ലോറി നിവർത്തിവെക്കുന്നതിനിടെ ക്രെയിൻ ടാങ്കറിന്റെ വാൾവിൽ തട്ടുകയായിരുന്നു. നേരിയ തോതിൽ വാതകം ചോർന്നതോടെ ദൗത്യസംഘവും അധികൃതരും കൂടുതൽ ജാഗ്രത പുലർത്തി മംഗളൂരുവിലെ ഹിന്ദുസ്ഥാൻ പെട്രാളിയം കോർപറേഷന്റെ റെസ്‌പോൺസ്‌ വെഹിക്കിൾ വാഹനമെത്തിച്ച്‌ ചോർച്ചയടക്കുകയായിരുന്നു. തുടർന്ന്‌ ഖലാസികൾ ചോർച്ചയുണ്ടായ ടാങ്കറിനെ ലോറിയിൽനിന്ന്‌ വേർപെടുത്തി ഐങ്ങോത്ത്‌ ഗ്രൗണ്ടിലെത്തിച്ചു. തുടർന്ന് രാത്രി ഒമ്പതോടെ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക്‌ മാറ്റി. ഇതോടെ ദേശീയപാതയിലെ ഗതാഗതവും പുനസ്ഥാപിച്ചു. വാതകചോർച്ച ഉണ്ടായതോടെ പൊലീസും ഫയർഫോഴ്സും യുദ്ധകാലാടിസ്ഥാനത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്. കാസർകോട്‌, കാഞ്ഞങ്ങാട്‌, കുറ്റിക്കോൽ, ഉപ്പള എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി പരിസരപ്രദേശങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. 500 മീറ്റർ ചുറ്റളവിലെ വീടുകളിലെ താമസക്കാരെ മുത്തപ്പനാർ കാവ്‌ ഓഡിറ്റോയം, ആറങ്ങാടി യുപി സ്‌കൂൾ എന്നിവിടങ്ങളിലേക്ക്‌ മാറ്റി. ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ റവന്യുവകുപ്പ്‌ അധികൃതരും ഒരുക്കി. സഹായങ്ങളുമായി പൊതുപ്രവർത്തകരുമെത്തി. ടാങ്കർ ലോറി നിൽക്കുന്നിടത്തേക്ക്‌ പൊലീസ്‌, ഫയർസർവീസ്‌ ഉൾപ്പെടെയുള്ള സുരക്ഷാജീവനക്കാർ ഒഴിച്ച്‌ ആരെയും പ്രവേശിപ്പിച്ചില്ല. ലോറി മാറ്റുന്നതിനായി വെള്ളി രാവിലെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മൂന്നുവാർഡുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. വ്യാഴം പകൽ ഒന്നരയോടെയാണ്‌ കാഞ്ഞങ്ങാട്‌ സൗത്തിൽ മംഗളുരുവിൽ നിന്ന്‌ പാചകവാതകം നിറച്ച്‌ കോയമ്പത്തൂരിലേക്ക്‌ പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്‌. ദേശീയ പാതയിലേക്ക്‌ സർവീസ്‌ റോഡിലൂടെ പോകേണ്ടിയിരുന്ന സ്വകാര്യ ബസ്‌ കയറ്റിയതാണ്‌ ടാങ്കർ ലോറി മറിയാനിടയാക്കിയതെന്ന്‌ സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. 18 ടൺ ഭാരമുള്ള എൽപിജി ഗ്യാസ് ടാങ്കർ ലോറി മാറ്റാനായി രാവിലെ മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് വരുന്ന വാഹനങ്ങൾ പുതിയകോട്ടയിൽനിന്നും കല്ലൂരാവിവഴി നീലേശ്വരത്തേക്കും കാഞ്ഞങ്ങാട്ടേക്ക് വരുന്നവ മടിക്കൈ കല്യാൺ റോഡ് ,ആലയി വഴിയുമാണ് കാഞ്ഞങ്ങാട് എത്തിയത്‌. പടന്നക്കാട് ദേശീയപാത പൂർണമായും അടച്ചിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home