ഒരുങ്ങുന്നത് അത്യാധുനിക സൗരോർജ വൈദ്യുതി നിലയങ്ങൾ

പി വിജിൻദാസ്
Published on Feb 12, 2026, 03:00 AM | 2 min read
ചീമേനി ചീമേനിയിലും പെർഡാലയിലും ഒരുങ്ങുന്നത് അത്യാധുനിക സൗരോർജ വൈദ്യുതി നിലയം. പ്രകൃതിയുമായി ഇണങ്ങിയുള്ള സൗരോർജ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്. പ്രദേേശവാസികളായ നൂറിലേറെ പേർക്ക് ജോലി നൽകാൻ ഉതകുന്ന പ്ലാന്റ് ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാനാണ് കമ്പനി അധികൃതർ തയ്യാറെടുക്കുന്നത്. ചീമേനി– പയ്യന്നൂർ റോഡിന്റെ വലതുവശത്തായി പ്ലാന്റേഷൻ കോർപറേഷന്റെ 75 ഹെക്ടർ ഭൂമിയിലും പെർഡാലയിലെ 35 ഹെക്ടർ ഭൂമിയിലുമായാണ് പ്ലാന്റ് ഒരുക്കുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ മേൽനോട്ടത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാച്വർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി ഒരുക്കുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ ടെണ്ടർ നടപടി മുഖേന 25 കോടി രൂപയിലാണ് കമ്പനി ടെണ്ടർ ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പ്രൊജക്ടായി ഇൗ പദ്ധതി മാറും. പെരിയയിൽ കേന്ദ്ര സർവകലാശാലയ്‌ക്കായി പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി വിട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി റവന്യു വകുപ്പ് 125 ഹെക്‌ടർ പട്ടയ ഭൂമി പ്ലാന്റേഷൻ കോർപറേഷന് അനുവദിക്കുകയായിരുന്നു. ഇതിൽ നിന്നാണ് 300 ഏക്കറോളം ഭൂമി സൗരോർജ പ്ലാന്റിനായി താൽകാലികമായി കരാർ അടിസ്ഥാനത്തിൽ വിട്ട് നൽകിയത്. 25 വർഷത്തേക്കാണ് കമ്പനിക്ക് വിട്ടുനൽകിയത്. പ്രദേശവാസികൾക്ക് തൊഴിലവസരം ചീമേനിയിലും പെർഡാലയിലും പ്ലാന്റ് സ്ഥാപിക്കുന്നതോടൊപ്പം നൂറിലധികം പേർക്കാണ് തൊഴിൽ സാധ്യത ഉറപ്പാകുക. പ്ലാന്റ് നിർമാണസമയത്തുള്ള ജോലിക്ക് പുറമേ സ്ഥാപിതമായാൽ സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നിവയുൾപ്പെടെയുള്ള തസ്‌തികകളിലാണ് പ്രദേശവാസികൾക്ക് നിയമനം ലഭിക്കുക. ആധുനിക സാങ്കേതികവിദ്യ രാജ്യത്ത് ആദ്യമായാണ് ആധുനിക രീതിയിലുള്ള സൗരോർജ പ്ലാന്റ് നിർമിക്കുന്നത്. ഏത് കാലാവസ്ഥയിലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതിന് സാധിക്കും. നേരിട്ട് സൂര്യവെളിച്ചം ആവശ്യമില്ല. പ്രകാശ കിരണങ്ങളിൽനിന്ന് തന്നെ ഉൗർജം സംഭരിക്കാൻ പ്ലാന്റിന് സാധിക്കും. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യാനുസരണം കെഎസ്‌ഇബിക്കും ഡാറ്റാ കമ്പനികൾക്കും നൽകും. ഉയർന്ന ഉൗർജം സംഭരിക്കും രണ്ട് പ്ലാന്റുകളിൽ നിന്നുമായി 110 മെഗാവാട്ടാണ് ലക്ഷ്യമിടുന്നത്. ചീമേനിയിൽ നിന്നും 80 മെഗാവാട്ടും പെർഡാലയിൽനിന്നും 30 മെഗാവാട്ടും. ഇതുവഴി ചീമേനിയിൽ നിന്നും 125 മില്യൺ യൂണിറ്റ്, പെർഡാലയിൽ നിന്ന് 47 മില്യൺ യൂണിറ്റ് വൈദ്യുതിയും ലഭ്യമാക്കും. 35 ലക്ഷത്തോളം ടൺ കാർബൺ ഡൈ ഓക്‌സൈഡ് എമിഷൻ കുറക്കുന്നതിനും ഉതകുന്നതാകും പദ്ധതി. ബംഗളൂരു ആസ്ഥാനമായ ആര്യശ്രീ ഇലക്‌ട്രിക്കൽ ആൻഡ് എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല.










0 comments