കാർ തടഞ്ഞുനിർത്തി വെടിയുതിർത്തു; ടിക് ടോക് താരം കൊല്ലപ്പെട്ടു

ഷംസോ ബിബി (ഇടത്), കൊലപാതകത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് (വലത്)
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ടിക് ടോക് താരം വെടിയേറ്റ് കൊല്ലപ്പെട്ടു. ആയിഷ ഗിലമാന്യ എന്ന ഓൺലൈൻ പേരിൽ അറിയപ്പെടുന്ന ഷംസോ ബിബി (28)യാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിന് സമീപമുള്ള ടാക്സിലയിൽ വെച്ച്, ബൈക്കിലെത്തിയ രണ്ട് പേരുടെ വെടിയേറ്റാണ് യുവതി കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്ന് യുവതി വധഭീഷണി നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ആഗസ്ത് 14നാണ് സംഭവം. ബിബിയുടെ പിതാവ് ഫസൽ സാഹിബ്സാദ നൽകിയ പരാതിപ്രകാരം, കാഷിഫ് എന്ന ഒരാളിൽ നിന്ന് ബിബിക്ക് ഫോൺ കോൾ വരികയും ടാക്സിലയിൽ വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബിബി തന്റെ സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ പുറപ്പെട്ടു. അവർ ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.
ബിബിയുടെ കഴുത്തിലാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ, ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞുനിർത്തുന്നതും, അതിലൊരാൾ തോക്കെടുത്ത് തൊട്ടടുത്തുനിന്ന് വെടിയുതിർക്കുന്നതും വ്യക്തമാണ്.
വെടിവെയ്പ്പിനെ തുടർന്ന് ബിബി സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടിപ്പർ ലോറിയിലിടിച്ചു. അപകടത്തിൽ ബിബിയുടെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു.
പണം തിരിചുനൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരിൽ നിന്ന് ബിബിക്ക് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നതായി പിതാവ് ആരോപിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്ന് ബിബിയുടെ സഹോദരൻ നിയാമത്തുല്ല, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനോട് അഭ്യർത്ഥിച്ചു.
സംഭവത്തിന് ശേഷം കുടുംബം ബിബിയുടെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അവരുടെ യൂട്യൂബ് പേജും അപ്രത്യക്ഷമായിട്ടുണ്ട്.
പ്രതികളെ രക്ഷപെടാൻ സഹായിച്ച രണ്ടുപേരെ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.









0 comments