ad
Deshabhimani

ആരോഗ്യമേഖലയിലെ പ്രതിസന്ധി

കലക്ടറേറ്റിലേക്ക്‌ മഹിളകളുടെ ഉജ്വല മാർച്ച്‌

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ സംസ്ഥാന സെക്രട്ടറി 
സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്യുന്നു

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ സംസ്ഥാന സെക്രട്ടറി 
സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:00 AM | 2 min read

കാസർകോട്‌

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മഹിളകളുടെ ഉജ്വല മാർച്ച്‌. ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരം കാണുക, നിപ്പ, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾക്ക്‌ അടിയന്തര ചികിത്സ ഉറപ്പാക്കുക, ഭരണകൂട നിസംഗത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിദ്യാനഗർ അസാപ് ജങ്ഷൻ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി കെ ചന്ദ്രമ്മ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം സുമതി, സംസ്ഥാന കമ്മിറ്റി അംഗം എ പി ഉഷ, ജില്ലാ ട്രഷറർ ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ബേബി സ്വാഗതംപറഞ്ഞു.

ആരോഗ്യമേഖലയോടുള്ളത് ക്രൂരമായ അവഗണന: സി എസ്‌ സുജാത

കാസർകോട്‌

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാർ തികഞ്ഞ പരാജയമാണെന്ന്‌ കുറഞ്ഞ നാളുകൾക്കുള്ളിൽത്തന്നെ തെളിയിച്ചെന്ന്‌ സി എസ്‌ സുജാത പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നിരവധിയാളുകൾ പനിപിടിച്ച്‌ വിറച്ചുകിടക്കുന്നു. ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും വലിയതോതിൽ വർധിച്ചു. അടിയന്തര ചികിത്സ എന്ന സ്ഥിതി ഇന്ന്‌ ഇല്ലാതായി. മുൻകാലത്ത്‌ ഏറ്റവും പഴുതടച്ച ഏകോപനത്തിലൂടെ അമർച്ചചെയ്‌ത പകർച്ചവ്യാധികൾപോലും ഇന്ന്‌ തിരിച്ചുവരുന്നു. നിയന്ത്രണവിധേയമല്ലാത്ത നിലയിലായി. നാം കാത്തുസൂക്ഷിച്ച നമ്മുടെ ആരോഗ്യമേഖലയെ യുഡിഎഫ്‌ തകർത്തു തരിപ്പണമാക്കി. യാതൊരുവിധ ഏകോപനമില്ലാതെയാണ്‌ വിഷമസന്ധികളിൽ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്‌. പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ സർക്കാരിന്‌ സാധിക്കുന്നില്ല. തോന്നിയതുപോലെ പറഞ്ഞും പ്രവർത്തിച്ചും നടക്കുകയാണ്‌ വകുപ്പ്‌ മന്ത്രി. ജില്ലയിലെ പ്രശ്‌നവും അതിരൂക്ഷമാണ്‌. ഏതാണ്ട്‌ 378ലധികം തസ്‌തികകൾ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്‌. ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവരുടെ ഒഴിവുനികത്താൻ സർക്കാർ തയ്യാറാവുന്നില്ല. കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകം മുഴുവൻ പ്രകീർത്തിച്ച സന്ദർഭമുണ്ടായിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽവരുന്ന എല്ലാ ഘട്ടത്തിലും ആരോഗ്യമേഖലയെ ലോകത്തോളം ഉയർത്തി. കോവിഡ്‌, നിപ്പാ കാലത്ത്‌ ജനങ്ങളെ ചേർത്തുനിർത്തി. ഇന്നത്തെ ആരോഗ്യ മന്ത്രി അന്ന്‌ പറഞ്ഞത്‌ നാം മറക്കരുത്‌. കേന്ദ്ര സർക്കാരിന്‌ വിധേയപ്പെട്ട്‌ കേരളവിരുദ്ധരായി പ്രവർത്തിക്കുകയാണ്‌ യുഡിഎഫ്‌. ഇ‍ൗ നിലപാട്‌ പ്രതിഷേധാർഹമാണെന്നും സി എസ്‌ സുജാത പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home