ad
Deshabhimani

തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള 
നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണം

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 3 min read

ചെറുവത്തൂർ

തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്ന നിലപാടിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന്‌ കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപപ്പെടുത്തിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ തൊഴിലുറപ്പ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. നിരവധി തൊഴിലാളികളാണ്‌ ഇ‍ൗ തൊഴിൽവഴി ഉപജീവനം നടത്തുന്നത്‌. എന്നാൽ മോദി സർക്കാർ ഇത്‌ അവസാനിപ്പിച്ച്‌ പുതിയ പദ്ധതി നടപ്പാക്കുകയാണ്‌. ഇ‍ൗ പദ്ധതി തൊഴിലുറപ്പ്‌ അവകാശത്തെ ഇല്ലാതാക്കുന്നതാണ്‌. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലതാക്കുന്നതാണ്‌ പുതിയ പദ്ധതി. അനധികൃതവും ഗുണമേന്മയില്ലാത്തതുമായ വിദേശ അടക്ക ഇറക്കുമതി ചെയ്യുന്നത്‌ അവസാനിപ്പിക്കുക, കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം, റീ സർവേ അപാകതകൾ അടിയന്തിരമായി പരിഹരിക്കണം, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ മേഖലയെ ഒഴിവാക്കിയ സർക്കാർ തീരുമാനം പുനപരിശോധിക്കണം, സ്‌ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം, കാറഡുക്ക നാർളം ബോക്‌സൈറ്റ്‌ ഖനനം നടപടികൾ പൂർണമായും നിർത്തണം എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. രണ്ടാം ദിവസം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ ചർച്ചക്കുള്ള മറുപടിയും ജില്ലാ സെക്രട്ടറി പി ജനാർദനൻ റിപ്പോർട്‌ ചർച്ചക്കുള്ള മറുപടിയും പറഞ്ഞു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ സി എച്ച്‌ കുഞ്ഞമ്പു, പത്മകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ, കെ വി കുഞ്ഞിരാമൻ, വി പി പി മുസ്‌തഫ എന്നിവർ സംസാരിച്ചു. സി ബാലൻ, സി പ്രഭാകരൻ, എ അപ്പുക്കുട്ടൻ, വി വി ജാനകി, ജി രാജേഷ്‌ബാബു, കെ വി സുരേന്ദ്രൻ, വി തങ്കമണി, പി പി മുഹമ്മദ്‌ റാഫി എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ മണികണ്‌ഠൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം രാജീവൻ നന്ദി പറഞ്ഞു. വൈകീട്ട്‌ കണ്ണാടിപ്പാറ കൊടക്കാട്‌ ബാങ്ക്‌ പരിസരത്ത്‌നിന്ന്‌ പൊതുപ്രകടനം ആരംഭിച്ചു. ബാന്റ്‌ മേളത്തിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ കെ പി വത്സലൻ നഗറിലെത്തി. പൊതുസമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു, കെ ആർ ജയാനന്ദ, ടി പി ശാന്ത, മുതിർന്ന കർഷക നേതാവ്‌ എം വി കോമൻനമ്പ്യാർ, പി പി മുഹമ്മദ്‌ റാഫി, കെ പി രാമചന്ദ്രൻ, കെ മണികണ്‌ഠൻ, പി രഘുദേവൻ, എം രാജീവൻ, മാധവൻ മണിയറ എന്നിവർ സംസാരിച്ചു. കെ വി ഗംഗാധരൻ സ്വാഗതംപറഞ്ഞു.

കെ കുഞ്ഞിരാമൻ പ്രസിഡന്റ്‌ 
പി ജനാർദനൻ സെക്രട്ടറി

ചെറുവത്തൂർ

ചെറുത്തൂർ പി പത്മനാഭൻ മാസ്റ്റർ നഗറിൽ (തിമിരി ബാങ്ക് ഓഡിറ്റോറിയം) ചേർന്ന കർഷകസംഘം ജില്ലാ സമ്മേളനം കെ കുഞ്ഞിരാമനെ പ്രസിഡന്റായും പി ജനാർദനനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ പി രാമചന്ദ്രനാണ്‌ ട്രഷറർ. എ ചന്ദ്രശേഖരൻ, വി വി ജാനകി, മുഹമ്മദ്‌ ഹനീഫ (വൈസ്‌ പ്രസിഡന്റുമാർ), കെ മണികണ്‌ഠൻ, പി പി മുഹമ്മദ്‌ റാഫി, പി രഘുദേവൻ (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികൾ. സമ്മേളനം 40 അംഗ ജില്ലാ കമ്മിറ്റിയെയും 20 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

വി ഡി സതീശൻ ചെയ്യുന്നത്‌ 
സംഘപരിവാറിന്‌ അനുകൂലമായ മണ്ണൊരുക്കൽ: ഇ പി

ചെറുവത്തൂർ

സംഘപരിവാറിന്‌ അനുകൂലമായ മണ്ണൊരുക്കിക്കൊടുക്കുന്ന പണിയാണ്‌ കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ചെയ്യുന്നതെന്ന്‌ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ പറഞ്ഞു. ചെറവത്തൂരിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയനാൾ മുതൽ സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ്‌ യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത്‌ നാം കണ്ടു. ഇപ്പോൾ വന്ദേമാതരം മുഴുവനായി ആലപിക്കാനുള്ള ഉത്തരവിറക്കിയിരിക്കുകയാണ്‌. ജനങ്ങൾ നേരിടുന്ന ഒരു പ്രശ്‌നവും പരിഹരിക്കാൻ ഇ‍ൗ സർക്കാരിന്‌ സാധിക്കുന്നില്ല. കാലവർഷക്കെടുതിക്കാലത്തുപോലും ജനങ്ങൾക്ക്‌ ആശ്വാസം നൽകാനാവുന്നില്ല. വി ഡി സതീശൻ ഓരോ ദിവസവും പറയുന്ന കാര്യങ്ങൾ പിറ്റേന്ന്‌ മാറ്റിപ്പറയുകയാണ്‌. കളവ്‌ മാത്രമേ പറയൂ എന്നാണ്‌ നിലപാട്‌. തെറ്റ്‌ പറ്റിയാൽ അത്‌ ഏറ്റുപറയാനുള്ള മാന്യത കാട്ടണം. ജനങ്ങളെ അപഹസിക്കുകയാണ്‌ ഓരോ മന്ത്രിമാരും. പ്രളയകാലത്ത്‌ ദുരിതബാധിതരെ ചേർത്തപിടിച്ച സർക്കാരാണ്‌ എൽഡിഎഫന്റേത്‌. എന്നാൽ ഇപ്പോൾ കാലവർഷക്കെടുതിക്കാലത്ത്‌ ജനം ദുരിതമനുഭവിക്കുന്പോൾ മുഖ്യമന്ത്രി സൽക്കാരത്തിന്‌ പോവുകയാണ്‌. അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഇറക്കുമതി നയം കാരണം കാർഷിക മേഖല സ്‌തംഭിച്ചു. അമേരിക്കൻ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ ഓരോ നയവും നടപ്പാക്കുന്നത്‌. വൻകിടക്കാരന്റെ കടങ്ങൾ എഴുതിത്തള്ളുന്പോൾ സാധാരണക്കാരായ കർഷകരെ ദ്രോഹിക്കുന്നു. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശക്തമായ പോരാട്ടം അനിവാര്യമാണ്‌. ഇ പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home