ഒത്താശചെയ്‌തത് നിയുക്ത എംഎൽഎ
വിജയാഹ്ലാദത്തിന്റെ മറവിൽ യുഡിഎഫിന്റെ കലാപനീക്കം

തൃക്കരിപ്പൂർ
തൃക്കരിപ്പൂരിലെ നിയുക്ത എംഎൽഎ സന്ദീപ് വാര്യരുടെ വിജയാഹ്ലാദ പ്രകടനത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയത് വ്യാപകമായ അക്രമം. ആഹ്ലാദ പ്രകടനത്തിന് പ്രവർത്തകരെത്തിയത് കല്ലുകളും ആയുധങ്ങളുമായാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പടന്നക്കടപ്പുറത്തെ സിപിഐ എം വലിയപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം കല്ലറിഞ്ഞും അടിച്ചും തകർക്കുമ്പോൾ നാട്ടുകാർക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. പടന്ന, തൃക്കരിപ്പൂർ, മടക്കര, മാവിലാക്കടപ്പുറം തുടങ്ങിയ മേഖലയിൽനിന്നും ആഡംബര ബൈക്കുകളിലും കാറിലുമായെത്തിയ ക്രിമിനൽ സംഘമാണ് ഓഫീസ് അടിച്ചുതകർത്തത്. ബൈക്കുകളിൽ സെലൻസറിന്റെ ശബ്ദം മാറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ഇവിടം. ശബ്ദമലിനീകരണമുണ്ടാക്കിയ ബൈക്ക് കസ്റ്റഡിലെടുക്കുന്നതിനെചൊല്ലിപൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. ഇതിനിടയിൽ വാഹനങ്ങളിൽ കരുതിയ കല്ലുകളുപയോഗിച്ച് പൊലീസിന് നേരെ എറിയാനും തുടങ്ങി. കല്ലേറിൽ എട്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനിടെയാണ് സിപിഐ എം ഓഫീസിനകത്ത് അതിക്രമിച്ച് ഫർണ്ണിച്ചറുകൾ തകർത്തത്. പിന്നീട് ഇതുവഴി വന്ന സന്ദീപ് വാര്യരുടെ സാന്നിധ്യത്തിലും പ്രവർത്തകർ പൊലീസിനെതിരെ കല്ലറിഞ്ഞു. ഉഗ്രശേഷിയുള്ള പടക്കം കത്തിച്ച് ഓഫീസിലുണ്ടായിരുന്ന സിപിഐ എം പ്രവർത്തകർക്കുനേരെ വലിച്ചെറിയുകയും കാറിൽ കരുതിവച്ച കല്ലുകൾ തുരുതുരെ എറിയുകയുമായിരുന്നു. ഓഫീസ് പരിസരത്തുണ്ടായിരുന്ന എൽഡിഎഫിന്റെ തോരണങ്ങളും പ്രചാരണ ബോർഡുകളും നശിപ്പിക്കാൻ സന്ദീപ് വാര്യർ റോഡിലിറങ്ങി അക്രമികൾക്ക് ഒത്താശ ചെയ്തതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ചൊവ്വ രാത്രി 8.30 ഓടെയാണ് പ്രകടനമായെത്തിയ സംഘം മാരകായുധങ്ങളുമായി സിപിഐ എം പ്രവർത്തകരെ അടിച്ചുപരിക്കേൽപ്പിച്ചത്. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും തകർത്ത ഓഫീസും സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ, ഏരിയ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ കുഞ്ഞിരാമൻ, പി സി സുബൈദ, രജീഷ് വെള്ളാട്ട് എന്നിവർ സന്ദർശിച്ചു. പ്രദേശത്ത് സമാധാനന്തരീക്ഷം നിലനിർത്തണമെന്നും യുഡിഎഫ് ക്രിമിനൽ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയും വലിയപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.










0 comments