ശ്യാംപ്രകാശ് ഷാങ്കായ് സമ്മർ സ്കൂളിലേക്ക്

ശ്യാം പ്രകാശ്
പി കെ രമേശൻ
Published on Jun 05, 2025, 02:00 AM | 1 min read
വെള്ളരിക്കുണ്ട്
ഷാങ്കായ് സമ്മർ സ്കൂളിലേക്ക് മലയോരത്തിന്റെ അഭിമാനമായ ശ്യാം പ്രകാശും. പരപ്പയ്ക്കടുത്ത പരപ്പച്ചാലിലെ ശ്യാം പ്രകാശാ (ശ്യാം സോർബ) ണ് ചൈനയിലെ ഷാങ്കായിൽ നടക്കുന്ന ‘ഷാങ്കായ് സമ്മർ സ്കൂൾ 2025' ലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന സർവകലാശാല വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് ഷാങ്കായ് തിയേറ്റർ അക്കാദമി നടത്തുന്ന സമ്മർ സ്കൂൾ ലോകത്തിലെ പ്രധാന ഹ്രസ്വകാല കോഴ്സുകളിൽഒന്നാണ്. ഒരു മാസത്തെ തിയറ്ററിൽ ന്യൂ മീഡിയ വിഭാഗം കോഴ്സിലേക്കാണ് സെലക്ഷൻ ലഭിച്ചത്. ന്യൂമീഡിയ, ചൈനീസ് ഓപ്പറ, ചൈനീസ് തിയറ്റർ, ചൈനീസ് കൾച്ചർ എന്നിവയിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, ഭക്ഷണം, പഠനം എന്നിവ അടങ്ങിയതാണ് ഫെലോഷിപ്പ്. ലോക പ്രശസ്ത മാസ്റ്റേഴ്സിന്റെ കീഴിലാണ് പരിശീലനം. കഴിഞ്ഞ വർഷം മാൾട്ട സർവകലാശാലയും എസ് വേർഡും ഓൺലൈനായി നടത്തിയ സ്റ്റാൻസിലവ്സ്‌കി ആൻഡ് സൈക്കോളജി എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സിമ്പോസിയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ശ്യാം പ്രകാശിന് അവസരം ലഭിച്ചിരുന്നു. ഇന്ത്യയിൽനിന്ന് സിമ്പോസിയത്തിലേക്ക് തെരഞ്ഞെടുത്ത ഏക പ്രബന്ധം ശ്യാമിന്റേതിയിരുന്നു. നിരവധി ദേശീയ, അന്തർദേശീയ നാടകോത്സവങ്ങളിൽ നടനായും സംഘാടകനായും സാങ്കേതിക പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കോൺഫറൻസുകളിൽ പ്രബന്ധം അവതരിപ്പിച്ചു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നാടക പഠനത്തിൽ ബിരുദവും കുട്ടികളുടെ നാടക വേദിയിൽ പ്രത്യേക പരിശീലനവും നേടി. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് പെർഫോമിങ് ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ശ്യാം നിലവിൽ ജാർഖണ്ഡ് കേന്ദ്ര സർവകലാശാലയിൽ നാടക പഠനത്തിൽ ഗവേഷണം ചെയ്യുന്നു. റിട്ട. കെഎസ്ആർടിസി ഡ്രൈവറും സിപിഐ എം തുമ്പ ബ്രാഞ്ച് അംഗവുമായ പി പ്രകാശന്റെയും മൂലപ്പാറ അങ്കണവാടി അധ്യാപിക ശ്രീകലയുടെയും മകനാണ്. സഹോദരങ്ങൾ സായി പ്രകാശ് (മ്യൂസിക് ആർട്ടിസ്റ്റ് ആൻഡ് സ്പോർട്സ് പേഴ്‌സണൽ), ശ്രീനന്ദ (വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി).










0 comments