ad
Deshabhimani

ആരോഗ്യം പകരും മധുരം

താരനിരയിലേക്ക് കാർഷിക 
കോളേജിന്റെ നീര ഐസ്‌ക്രീം

പടന്നക്കാട് കാർഷിക കോളേജിൽ പ്രവർത്തന സജ്ജമായ നീര ഐസ്‌ക്രീം പ്ലാന്റ്‌
വെബ് ഡെസ്ക്

Published on Sep 03, 2026, 02:00 AM | 1 min read

നീലേശ്വരം

തെങ്ങിൻ കള്ളിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന നീര ഉപയോഗിച്ച് പടന്നക്കാട് കാർഷിക കോളേജ് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന നീര ഐസ്ക്രീം താരമാവുന്നു. പഞ്ചസാരയ്ക്ക് പകരം നീര പാനീയം ഉപയോഗിച്ച് ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് കാർഷിക സർവകലാശാലയുടെ നാളികേര മിഷനു കീഴിൽ പടന്നക്കാട്ടുള്ള നീര യൂണിറ്റിൽ വികസിപ്പിച്ചത്. കാർഷിക കോളേജിലെ പഴയ ഫാം ഹൗസിനോടുചേർന്നുള്ള നീര യൂണിറ്റിലെ പൈലറ്റ് പ്ലാന്റിൽ വികസിപ്പിച്ചെടുത്ത ഈ ഉൽപന്നത്തിന് കാർഷിക സർവകലാശാലയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഐസ്‌ക്രീം ഉൽപന്നങ്ങളുടെ വിദാംശങ്ങൾ തീരുമാനിച്ച് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം നടത്തുന്നതിനുള്ള അനുമതിയും വില നിർണയവും കൂടി പൂർത്തിയാക്കി സർവകലാശാല പച്ചക്കൊടി കാട്ടുന്നതോടെ നീര ഐസ്‌ക്രീം വിപണിയിലെത്തും. വിവിധ രുചികളിൽ സ്‌കൂപ്പ്, ഐസ് കപ്പ്, പാഴ്‌സൽ എന്നിയെല്ലാമായി നൽകാവുന്ന വിധം ഫാമിലി പായ്ക്ക്, കോൺ ഐസ്, ഐസ് കാൻഡി, ചെറിയ കപ്പ് ഐസ്‌ക്രീം എന്നിങ്ങനെ ജനപ്രിയമായ എല്ലാ രൂപങ്ങളിലും ഉൽപാദിപ്പിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി പൈലറ്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. നാളികേര മിഷനും കാർഷിക കോളേജിലെ ഹോംസയൻസ് ഡിപ്പാർട്ട്‌മെന്റും ബന്ധപ്പെട്ട പഠനവകുപ്പുകളുംചേർന്നാണ് നീര ഐസ്‌ക്രീം യാഥാർഥ്യമാക്കിയത്. പ്രതിദിനം നൂറ് ലിറ്റർ നീര സംസ്‌കരിച്ചെടുക്കാൻ ശേഷിയുള്ള ഒരു പ്ലാന്റ് കഴിഞ്ഞ 12 വർഷമായി കാർഷിക കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. പിലിക്കോട്ടെ കാർഷിക ഗവേഷണകേന്ദ്രത്തിൽ തുടങ്ങിയ നീര ഉൽപാദനം പിന്നീട് പടന്നക്കാട്ടേക്ക് മാറ്റുകയായിരുന്നു. കുപ്പികളിലാക്കിയ കാർബണേറ്റഡ് നീര, കേര ചക്കര, കേര പഞ്ചസാര, കേര ചക്കരകൊണ്ടുള്ള അരിയുണ്ട, നീര സിപ് അപ്, കേര ഹണി, കേര നീര കുക്കീസ്, നീര വുഡ്ഡിങ്, നീര സ്‌പ്രെഡ്, നീര ഹൽവ എന്നീ മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ തയ്യാറാക്കുന്നുണ്ട്‌. കാർഷിക കോളേജ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് വിഭാഗം അസി. പ്രൊഫസർ കൂടിയായ പയ്യന്നൂർ മുത്തത്തി സ്വദേശി കെ പി ശിവജിയാണ് നാളികേര മിഷന്റെ അസിസ്റ്റന്റ് ഡയറക്ടർ. തെങ്ങുകളിൽനിന്ന് നീര ചെത്തിയെടുക്കാൻ നീര ടെക്‌നീഷ്യൻസും ഉണ്ട്. നീലേശ്വരം കരുവാച്ചേരിയിലെ കാർഷിക കോളേജ് ഇൻസ്ട്രക്ഷൻ ഫാമിലും നീരപ്ലാന്റ് സജ്ജമായി വരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home