അതിജീവനത്തിന്റെ ബ്രാൻഡിൽ സുദർശന്റെ പേനകൾ

സുദർശൻ പേന നിർമാണത്തിൽ
സുരേഷ് മടിക്കൈ
Published on Sep 06, 2026, 02:00 AM | 1 min read
മടിക്കൈ
ചക്രക്കസേരയിലിരുന്ന് എരിക്കുളത്തെ പി പി സുദർശൻ നിർമിക്കുന്നത് അതീജീവനത്തിന്റെ ബ്രാൻഡിലുള്ള പേനകൾ. പെയിന്റിങ് തൊഴിലാളിയായിരുന്നു. മൂന്നര വർഷംമുമ്പ് ജോലിക്കിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്കുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റി, കിടപ്പിലായി. സ്പൈനൽ കോഡിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. നിലവിൽ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾപോലും നിർവഹിക്കാനാവില്ല. പ്രായമായ അമ്മയുടെയും ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ഏക ആശ്രയമായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ അങ്ങനെയാണ് സുദർശൻ പേന നിർമാണം ഒരു ഉപാധിയാക്കിയത്. ആദ്യം പേപ്പർ പേനകൾ നിർമിച്ചു. ഡിമാന്റ് കുറവായതിനാൽ പ്ലാസ്റ്റിക് പേനകളിലേക്ക് ചുവടു മാറ്റി. സ്‌കൂളുകളും ബാങ്കുകളും ക്ലബുകളും രാഷ്ട്രീയസംഘടനകളും സുദർശന്റെ പേനകളാണ് വാങ്ങുന്നത്. ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. സുദർശൻ നിർമിക്കുന്ന പേനകൾ വാങ്ങി സംരംഭത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞാൽ വലിയൊരു സഹായമാകും. വിവിധ തരത്തിലുള്ള പേനകൾ, വില വിവരങ്ങൾ എന്നിവ അറിയാൻ 9061612676 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം. ‘ഒരു പേനയെങ്കിലും വാങ്ങുന്നതിലൂടെ വലിയ ആത്മവിശ്വാസവും കരുത്തുമാണ് തനിക്കുണ്ടാവുന്നതെന്ന്’ സുദർശൻ പറയുന്നു. സ്വന്തം ജീവിതം തിരിച്ചുപിടിക്കാനുള്ള സുദർശന്റെ ശ്രമത്തിന് കൈത്താങ്ങാകാൻ നമുക്കും ഒപ്പം നിൽക്കാം. അമ്മ അമ്മാറും ഭാര്യ ബി ജയഭാരതിയും മക്കൾ നാലാം ക്ലാസുകാരൻ ധ്രുവിൻ മാധവും ഒന്നാം ക്ലാസുകാരൻ ഇവാൻ കൃഷ്ണയും എല്ലാ സഹായവുമായി കൂടെയുണ്ട്.










0 comments