തെരുവിലിറങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ ബില്ലിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ അണിനിരന്നവർ
കാഞ്ഞങ്ങാട്
തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ ബില്ലിനെതിരെ കാഞ്ഞങ്ങാട് തൊഴിലുറപ്പ് തൊഴിലാളികളുടെ പടയണി. നഗരത്തിൽ നടത്തിയ പടുകൂറ്റൻ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ മുതൽതന്നെ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും എത്തിയവർ നോർത്ത് കോട്ടച്ചേരിയിൽ സംഗമിച്ച് നഗരത്തിൽ പ്രകടനമായി നിറഞ്ഞു. ദരിദ്രരുടെ പട്ടിണിക്കഞ്ഞിയിൽ മണ്ണിടുന്ന കേന്ദ്ര സർക്കാരിനെതിരായ രോഷം മുദ്രാവാക്യമായി മുഴങ്ങി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ദിവാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, പി കരുണാകരൻ, കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എം രാജൻ, സമരസമിതി ചെയർമാൻ കെ രാജ്മോഹൻ, ജില്ലാ ട്രഷറർ പാറക്കോൽ രാജൻ, എ വി രമണി, കയനി കുഞ്ഞിക്കണ്ണൻ, പി എ രാജൻ, പി പി സുകുമാരൻ, കെ സന്തോഷ് കുമാർ, ജയകുമാരി, സേതു കുന്നുമ്മൽ, ദേവീ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ഗൗരി സ്വാഗതം പറഞ്ഞു. നോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് മാർച്ച് ആരംഭിച്ചു.
ദരിദ്രരുടെ ജീവിതം കേന്ദ്ര സർക്കാർ തകർത്തെറിഞ്ഞു: എം വി ജയരാജൻ
കാഞ്ഞങ്ങാട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിലൂടെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിതമാണ് കേന്ദ്ര സർക്കാർ തകർത്തെറിഞ്ഞതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച തൊഴിലാളി മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബജറ്റ് കേന്ദ്ര സർക്കാർ തുടർച്ചയായി വെട്ടിക്കുറക്കുകയാണ്. തൊഴിൽ ദിനങ്ങളും പദ്ധതി തുകയും പടിപടിയായി വെട്ടിക്കുറച്ചു. പദ്ധതി ദുർബലപ്പെടുത്താൻ അടിക്കടി ശ്രമിക്കുന്ന മോദി സർക്കാരാണ് 125 തൊഴിൽദിനം നൽകുമെന്ന് നുണ പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് പദ്ധതി മാതൃകയായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ശരാശരി തൊഴിൽ ദിനങ്ങൾ 67 നൽകുന്നുണ്ട് . 100 തൊഴിൽ ദിനങ്ങൾ 40 ശതമാനം കുടുംബങ്ങൾക്കും ലഭിക്കുന്നു. അവർക്ക് 1200 രൂപ ഉത്സവബത്ത നൽകുന്നു. ആദിവാസി കുടുംബങ്ങൾക്ക് 200 തൊഴിൽ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതി സംസ്ഥാനം നടപ്പിലാക്കുന്നു. ഇതെല്ലാം തകർക്കുകയാണ് കേന്ദ്ര സർക്കാരെന്നും ജയരാജൻ പറഞ്ഞു.










0 comments