തൊഴിലുറപ്പ് തൊഴിലാളികൾക്കും സതീശന്റെ പണിവരുന്നുണ്ട് ! പ്രവൃത്തിദിനങ്ങളും വേതനവും കുറയ്ക്കുമെന്ന സൂചന നൽകി ബജറ്റ്

തിരുവനന്തപുരം: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശ്വാസം മുട്ടിച്ചുകൊല്ലാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് വിടുപണി ചെയ്യുകയാണ് യുഡിഎഫ് ബജറ്റ്.
സംസ്ഥാനത്തിന്റെ വിഹിതം ഭീമമായി വർധിപ്പിച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ, അതിനെ പ്രതിരോധിച്ച് തൊഴിലാളികൾക്ക് കൃത്യമായി കൂലിയും തൊഴിൽദിനങ്ങളും ഉറപ്പാക്കിയത് മുൻ എൽഡിഎഫ് സർക്കാരായിരുന്നു. എന്നാൽ പുതിയ യുഡിഎഫ് ബജറ്റിലെ കടുത്ത അവഗണനയോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതം ഇനി അനിശ്ചിതത്വത്തിലാകും. തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കുന്നതിനും ശമ്പളം മുടങ്ങുന്നതിനും ഈ ജനവിരുദ്ധ ബജറ്റ് വഴിവെക്കും.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റുകയും സംസ്ഥാന വിഹിതം കുത്തനെ 40 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തത് മാസങ്ങൾക്ക് മുൻപാണ്. സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി പദ്ധതി തന്നെ ഇല്ലാതാക്കുകയായിരുന്നു കേന്ദ്ര ലക്ഷ്യം. എന്നാൽ അന്ന് കേരളം ഭരിച്ചിരുന്ന എൽഡിഎഫ് സർക്കാർ ശക്തമായ പ്രതിരോധം തീർത്തു. കേന്ദ്രത്തിന്റെ കടുംവെട്ടിനിടയിലും കേരളത്തിലെ ഒരു തൊഴിലാളിയുടെയും തൊഴിൽദിനം കുറയാതിരിക്കാനും, ശമ്പളം കൃത്യമായി കൈകളിൽ എത്താനും എൽഡിഎഫ് സർക്കാർ കൃത്യമായി പ്രവർത്തിച്ചു.
എന്നാൽ യുഡിഎഫ് സർക്കാർ ഇപ്പോൾ ജനങ്ങളെ കൈയൊഴിയുന്ന കാഴ്ചയ്ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നയപ്രകാരം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന വിഹിതമായി മാത്രം കേരളം വലിയ തുക കണ്ടെത്തേണ്ടതുണ്ട്. മുൻപ് ഏകദേശം 250 കോടി രൂപയായിരുന്ന സംസ്ഥാന വിഹിതം കേന്ദ്ര നയങ്ങൾ കാരണം 2090.96 കോടി രൂപയായി കുതിച്ചുയർന്നിരുന്നു. ഈ തുക പൂർണമായി വകയിരുത്തി പദ്ധതിയെ സംരക്ഷിക്കേണ്ട ബാധ്യതയിൽ നിന്നാണ് യുഡിഎഫ് സർക്കാർ ഒളിച്ചോടിയത്. പദ്ധതി തുടർന്നു നടപ്പിലാക്കാന്‍ ആദ്യഘട്ടമായി വെറും 1422.60 കോടി രൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആവശ്യമായ തുകയേക്കാൾ 668 കോടിയിലധികം രൂപയുടെ കുറവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്.
സംസ്ഥാന വിഹിതത്തിൽ വരുത്തിയ ഈ വൻ കുറവ് കേരളത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ്. ബജറ്റിലെ ഈ കടുംവെട്ട് കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് ദിനങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കപ്പെടും. തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലി കുടിശ്ശികയാകാനും വേതനം വെട്ടിക്കുറയ്ക്കാനും ഈ തുകക്കുറവ് കാരണമാകും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലുറപ്പ് ജീവനക്കാരെ പൂർണ്ണമായി അവഗണിച്ചുകൊണ്ടുള്ള കോർപറേറ്റ് അനുകൂല ബജറ്റാണ് സതീശൻ ഇന്ന് സഭയിൽ അവതരിപ്പിച്ചത്.









0 comments