നൈജർ വിമാനത്താവളത്തിൽ ഭീകരാക്രമണം,ഏറ്റുമുട്ടലിൽ 35 പേര്‍ കൊല്ലപ്പെട്ടു

നിയാമി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 11 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 22 ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നിയാമിയിലെ ദിയോറി ഹാമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുദ്ധ സമാനമായ അക്രമ സംഭവം.
ഭീകരരുടെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ആയുധങ്ങളും വെടിക്കോപ്പുകളുമായി 20 ഓളം പ്രതികളെ അറസ്റ്റ് ചെയ്തതായും നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവള പരിസരത്ത് ശക്തമായ വെടിവെയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
2023-ലെ സൈനിക അട്ടിമറിക്ക് ശേഷം ഭരണത്തിലുള്ള നൈജർ സർക്കാർ കഴിഞ്ഞ കുറച്ചുകാലമായി മേഖലയിലെ ജിഹാദി സംഘങ്ങളുമായി അപ്രഖ്യാപിത യുദ്ധത്തിലാണ്. ഈ വർഷം ദിയോറി ഹാമാനി വിമാനത്താവളത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജനുവരിയിൽ നൈജറിന്റെ ഡ്രോൺ താവളങ്ങളെ ലക്ഷ്യമിട്ട് സമാനമായ ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽ-ഖ്വൊയ്ദ അനുബന്ധ സംഘടനയായ 'ജെ എൻ ഐ എം' ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.
നൈജർ വ്യോമസേനയുടെ താവളവും നൈജർ-ബുർക്കിന ഫാസോ-മാലി സംയുക്ത സൈനിക സഖ്യത്തിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് നിയാമിയിലെ ദിയോറി ഹാമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. തന്ത്രപ്രധാനമായ ഈ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഭീകരസംഘടനകൾ നിരന്തരം നീക്കങ്ങൾ നടത്തുന്നത് മേഖലയിൽ വലിയ സുരക്ഷാ പ്രശ്നമാണ്.









0 comments