ad
Deshabhimani

വികസന-ജനക്ഷേമ പദ്ധതികളിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുന്നു: പ്രതിപക്ഷ നേതാവ്

pinarayi vijayan
വെബ് ഡെസ്ക്

Published on Jun 19, 2026, 12:53 PM | 2 min read

തിരുവനന്തപുരം: കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ നടത്തിയ ആമുഖ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിലെ ആകെ തുകയുടെ വിഹിതം (അലോക്കേഷൻ) പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ലെന്ന് വ്യക്തമാകും. 2,000 കോടിയുടെ അധിക വിഹിതം നീക്കിവെക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ 'സാമ്പത്തിക പ്രതിസന്ധി' വാദത്തെ പൂർണ്ണമായി നിരാകരിക്കുന്നതാണെന്നും, ഇതൊരു രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ മാർച്ചിൽ 6,000ത്തിലധികം കോടി രൂപയുടെ തുക നീക്കിബാക്കി (സർപ്ലസ്) നിർത്തിയാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്ന് ഇറങ്ങിയത്. ഈ തുക ഉപയോഗിച്ച് ജനങ്ങൾക്ക് കൂടുതൽ ആശ്വാസ പദ്ധതികളും നാടിന്റെ വികസനത്തിനായുള്ള അടിത്തറയും ഒരുക്കാൻ ഈ സർക്കാരിന് കഴിയുമായിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമ കാര്യങ്ങളിലും നാടിന്റെ വികസനത്തിലും സർക്കാർ ബോധപൂർവ്വം പിൻവാങ്ങുകയാണ്. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പല ജനക്ഷേമ പദ്ധതികളുടെയും വിഹിതം ഈ ബജറ്റിൽ വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ച്, പരമ്പരാഗത വ്യവസായ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ആസിയാൻ കരാറിന്റെ തുടർഫലമായി സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുൻ എൽഡിഎഫ് സർക്കാർ ഇതിനെതിരെ റബ്ബർ, നാളികേരം, നെല്ല് കർഷകർക്കായി വ്യക്തമായ ആശ്വാസ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഈ ബജറ്റിൽ കാർഷിക മേഖലയെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. ഇത് കർഷകരെ എങ്ങനെ ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം കേരളത്തിനുണ്ടാകുന്ന വലിയ ധനനഷ്ടത്തെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല. കേന്ദ്ര നയങ്ങളെ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം.


മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ധവളപത്രം ഇറക്കിയത്, വരും വർഷങ്ങളിൽ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാരിന് മാറിനിൽക്കാനുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണ്. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടാനും വരവിലുണ്ടാകുന്ന വർദ്ധനവ് മറച്ചുവെക്കാനും ബജറ്റിലൂടെ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. വ്യത്യസ്ത വകുപ്പുകൾക്കുള്ള വിഹിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ വെറുതെ പുനക്രമീകരിക്കുക മാത്രമാണ് ഈ ബജറ്റിൽ ചെയ്തിട്ടുള്ളത്. കേരളമാകെ സ്വപ്നം കണ്ട 'നവകേരളം' പദ്ധതിയെ പൂർണ്ണമായി കൈയൊഴിയുന്ന സമീപനമാണിത്. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റിൽ കാണാനില്ല.


എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്ന ക്ഷേമ-ആശ്വാസ നടപടികളും വികസന പ്രവർത്തനങ്ങളും ചേർന്ന ദ്വിമുഖ സമീപനം ഈ സർക്കാർ പൂർണ്ണമായി ഉപേക്ഷിച്ചു. മുൻ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റിയും അല്ലാതെയും ആവർത്തിക്കുക മാത്രമാണ് യുഡിഎഫ് ചെയ്തത്; വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി ഇതിനൊരു ഉദാഹരണമാണ്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തതിലൂടെയാണ് കേരളം അടുത്തകാലത്ത് ലോകശ്രദ്ധയാകർഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തുടർച്ചയായ നടപടികൾ ആവശ്യമാണെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശൻ ഉന്നയിച്ച ഒട്ടേറെ ആവശ്യങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നുവെന്നും, എന്നാൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ സ്വന്തം ബജറ്റിൽ അതിനെക്കുറിച്ചെല്ലാം മൗനം പാലിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home