പകർച്ചവ്യാധി പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്ന് സ്കൂളുകളിൽ, നാളെ ഓഫീസുകളിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, നിപ, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ തീവ്ര ‘ഡ്രൈ ഡേ’ ആചരണം. കൊതുകുകളുടെ ഉറവിട നശീകരണത്തിനും ശുചീകരണത്തിനുമായി സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ പ്രത്യേക ദിവസങ്ങളിലായാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കും. നാളെ (ശനിയാഴ്ച) സർക്കാർ-സ്വകാര്യ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടത്താനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഏകോപിപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കുന്നത്. അതേസമയം, എബോള ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.
കഴിഞ്ഞ ദിവസം സൗത്ത് സുഡാനിൽ നിന്നെത്തിയ ഇവർക്ക് കടുത്ത പനിയുണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവരുടെ സ്രവ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് നിപ ബാധിതനായി ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിപ ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി ഇവിടെ നിരീക്ഷണത്തിലുണ്ട്.
വ്യാപനം തടയുന്നതിനായി രോഗത്തിന്റെ ഉറവിടം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ഇവരുടെ പരിശോധനാ ഫലങ്ങളും ഉടൻ പുറത്തുവരും. പകർച്ചവ്യാധികൾക്കെതിരെയുള്ള ജാഗ്രത ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.










0 comments