ad
Deshabhimani

നവജാത ശിശുക്കളെ വിൽപ്പന നടത്തിയ അന്തർസംസ്ഥാന സംഘം പിടിയിൽ; നാല് കുഞ്ഞുങ്ങളെ കടത്തിയതായി സംശയം

newborn baby

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 04, 2026, 08:23 AM | 1 min read

വഡോദര: ഗുജറാത്തിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് നവജാത ശിശുക്കളെ വാങ്ങി മുംബൈയിൽ വിൽപ്പന നടത്തിയിരുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘം പിടിയിലായി. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. വഡോദര സിറ്റി ക്രൈം ബ്രാഞ്ചാണ് ബസിൽ കുഞ്ഞുമായി യാത്ര ചെയ്തിരുന്ന ദമ്പതികളെ പിടികൂടി അന്വേഷണം ആരംഭിച്ചത്.


ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘടിത സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സബർകാന്ത സ്വദേശികളായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് കുഞ്ഞിനെ കൈക്കലാക്കി മുംബൈയിൽ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തി.


കുഞ്ഞിനെ മുംബൈയിലെത്തിക്കാൻ മനോജ് റാവലിനും ഭാര്യ വീണയ്ക്കും 20,000 രൂപ കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. ഇടപാടിന് നേതൃത്വം നൽകിയ സൊഹൈൽ നദാബ് ഡോക്ടറെന്ന വ്യാജേന പ്രവർത്തിച്ചിരുന്നെങ്കിലും ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ ബനസ്‌കാന്തയിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ കൂടി സമാന രീതിയിൽ കടത്തിയതായി അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.


കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്. രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home