ad
Deshabhimani

വില കുതിക്കുന്നു

‘മധുരമില്ലാതെ’ പഞ്ചസാര

sugar
avatar
സ്വന്തം ലേഖകൻ

Published on Aug 04, 2026, 07:43 AM | 1 min read

കോഴിക്കോട്‌: വില കുതിച്ചുയർന്നതോടെ മധുരം കുറഞ്ഞ്‌ പഞ്ചസാരയും. രണ്ട്‌ മാസത്തിനിടെ 10–12 രൂപയാണ്‌ ഒരു കിലോ പഞ്ചസാരയ്ക്ക്‌ കൂടിയത്‌. പൊതുവിപണിയിൽ 52–56 രൂപയാണ്‌ നിലവിൽ ചില്ലറ വ്യാപാര വില. ഇതോടെ ബേക്കറി, കൂൾബാൾ ഉൾപ്പെടെയുള്ള വിപണിയേയും സാരമായി ബാധിച്ചു. ഇന്ത്യയിൽ പ്രധാനമായും കരിമ്പ്‌ ഉൽപ്പാദിപ്പിക്കുന്ന ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള പഞ്ചസാരയുടെ വരവ്‌ കുറഞ്ഞതാണ്‌ വില വർധിക്കാൻ കാരണമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. ഇ-–20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിച്ച്‌ തുടങ്ങിയതാകാം പഞ്ചസാര ഉൽപ്പാദനത്തിൽ വലിയ കുറവുണ്ടാകാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു.

ആഘോഷങ്ങൾക്കും കയ്‌പേറും


മുട്ടയ്ക്ക്‌ പിന്നാലെ പഞ്ചസാരയ്‌ക്കും വില കൂടിയതോടെ ഏറ്റവും പ്രതിസന്ധിയിലായത്‌ ബേക്കറി മേഖലയാണ്‌. ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ കേക്കിനുൾപ്പെടെ വില ഉയർത്താതെ പിടിച്ച്‌ നിൽക്കാനാകില്ലെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. പഞ്ചസാരയും മുട്ടയും പ്രധാനമായും ഉപയോഗിക്കുന്ന കേക്ക്‌ കൂടാതെ, ജിലേബി, ബിസ്‌കറ്റ്‌, ലഡു തുടങ്ങിയവയുടെ നിർമാണച്ചെലവും ഉയർന്നിരിക്കുകയാണ്‌. ഒന്നര– രണ്ട്‌ രൂപയോളം മുട്ടയ്ക്ക്‌ നേരത്തെ വില കൂടിയിരുന്നു.

വിത്ത‍ൗട്ടാകുമോ...


പഞ്ചസാര വില ഉയർന്നതോടെ ജ്യൂസിന്റെയും ചായയുടെയും ഉൾപ്പെടെ വില പലയിടത്തും വർധിപ്പിച്ച്‌ കഴിഞ്ഞു. സാധാരണക്കാരുടെ കീശ കീറാതിരിക്കാൻ പരമാവധി ശ്രമിച്ചെന്നും പിടിച്ച്‌ നിൽക്കാനാകാത്തതുകൊണ്ടാണ്‌ വില ഉയർത്തേണ്ടി വരുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇങ്ങനെ പോയാൽ വീട്ടിലും വിത്ത‍ൗട്ടാക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്‌ നാട്ടുകാർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home