ഇറാനുമായുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ; സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കി യുഎസ് വൈസ് പ്രസിഡന്റ്

ജെഡി വാൻസ്|Photo:India Today
വാഷിംഗ്ടൺ/ദുബായ് : മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വെള്ളിയാഴ്ച നടക്കില്ലെന്ന് സ്വിറ്റ്‌സർലൻഡ് അറിയിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ സ്വിറ്റ്സർലൻഡ് സന്ദർശനം റദ്ദാക്കിയതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ എത്രത്തോളം ഫലപ്രദമാകുമെന്നതിൽ ആശങ്ക വർധിച്ചു.
ചർച്ചകൾക്കായി നിശ്ചയിച്ചിരുന്ന സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ചുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച ഒപ്പുവെച്ച 14 ഇന കരാറിലൂടെ 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം സാങ്കേതിക ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിരുന്നെങ്കിലും, കരാർ നടപ്പാക്കാൻ യുഎസ് നടപടി തുടങ്ങിയ ശേഷമേ തങ്ങളുടെ പ്രതിനിധികൾ യാത്ര തിരിക്കൂ എന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
സംഘർഷം തുടരുന്നു:
സമാധാന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇസ്രായേൽ, യുഎസ്-ഇറാൻ കരാറിനെ അംഗീകരിച്ചിട്ടില്ല. ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങൾ ഇസ്രായേൽ തുടരുന്നത് കരാറിന്റെ ഭാവിക്ക് മങ്ങലേൽപ്പിക്കുന്നു. കരാർ പ്രകാരം ലബനനിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ടെങ്കിലും, തങ്ങൾ പിന്മാറില്ലെന്നും മറിച്ച് അധിനിവേശ മേഖലകൾ വിപുലീകരിക്കുമെന്നുമാണ് ഇസ്രായേലിന്റെ നിലപാട്. ഇസ്രായേലിന്റെ ഈ നീക്കത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യുഎസ് ഇളവ് അനുവദിക്കും. ഇതിന്റെ ഭാഗമായി, മരവിപ്പിച്ച പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികൾ ഇറാനു തിരികെ നൽകുകയും, രാജ്യത്തിന്റെ എണ്ണ കയറ്റുമതിക്ക് ഔദ്യോഗികമായി അനുമതി നൽകുകയും ചെയ്യും. കൂടാതെ, ഇറാന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 300 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാനും കരാറിൽ ധാരണയായിട്ടുണ്ട്.
ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ആവർത്തിച്ചെങ്കിലും, ഇതിനെ യുഎസ് സംശയത്തോടെയാണ് കാണുന്നത്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇതിനകം 7,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയും ചെയ്തിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകളുടെ സഞ്ചാരം പുനരാരംഭിച്ചത് എണ്ണ വിപണിയിൽ നേരിയ ആശ്വാസം നൽകുന്നുണ്ട്.










0 comments