ad
Deshabhimani

സ്വകാര്യ കുത്തകകൾക്ക് നേട്ടമുണ്ടാക്കാൻ യുഡിഎഫ് സർക്കാർ നയം മാറ്റുന്നു; അതീവ ​ഗുരുതരം: പ്രതിപക്ഷ നേതാവ്

Pinarayi Vijayan
വെബ് ഡെസ്ക്

Published on Jun 19, 2026, 01:53 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാർഷിക-വ്യവസായിക-ആരോഗ്യ മേഖലകളെയും പ്രകൃതിവിഭവങ്ങളെയും കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും തുറന്നുകൊടുക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് സർക്കാർ പുറത്തുവിട്ട ധവളപത്രത്തിന്റെ പ്രധാന ഊന്നൽ സ്വകാര്യവൽക്കരണമായിരുന്നു. അതേ കോർപ്പറേറ്റ് താല്പര്യങ്ങൾ തന്നെയാണ് ഈ ബജറ്റിലും നിഴലിച്ചു നിൽക്കുന്നത്.


കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അടിസ്ഥാനമായ ഭൂപരിഷ്കരണ നിയമങ്ങളെ അട്ടിമറിക്കാനുള്ള ബജറ്റ് നീക്കം അതീവ ഗൗരവത്തോടെ കാണണം. 'ഭൂപരിഷ്കരണം 2.0' എന്ന പ്രഖ്യാപനത്തിലൂടെയും പുതിയ ലാൻഡ് മാനേജ്‌മെന്റ് നയത്തിലൂടെയും സ്വകാര്യ കുത്തകകൾക്ക് ഇവിടെ ഭൂമി കൈക്കലാക്കാനുള്ള തടസ്സങ്ങൾ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻകാലങ്ങളിൽ കോർപ്പറേറ്റുകൾക്ക് പ്രതിബന്ധമായി നിന്ന ഭൂപരിഷ്കരണ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള ഈ നീക്കം സംസ്ഥാനത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇതിനു പുറമെ, കഴിഞ്ഞ ബജറ്റിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പൊതുമേഖലാ അധിഷ്ഠിത അപൂർവ്വ ധാതു (Rare Earth) ഇടനാഴിയെ അട്ടിമറിക്കുകയാണ് യുഡിഎഫ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ നയം പകർത്തി സ്വകാര്യവൽക്കരണത്തിനാണ് ഈ ബജറ്റിൽ തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ ഒഡീഷ, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സ്വകാര്യ മേഖലയ്ക്കായി പ്രഖ്യാപിച്ച റയർ ഇടനാഴിയെ അതേപടി യുഡിഎഫ് സർക്കാർ ഉൾക്കൊണ്ടിരിക്കുകയാണ്.


മദ്യനയത്തിലും കാർഷിക മേഖലയെ അവഗണിച്ച് വൻകിട കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. കർഷകർക്ക് വലിയ ആശ്വാസമാകേണ്ട, പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള ചെറുകിട മേഖലയ്ക്കായുള്ള പദ്ധതിയെക്കുറിച്ച് ബജറ്റിൽ മൗനം പാലിച്ചിരിക്കുന്നു. എന്നാൽ വൻകിട മദ്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതിൽ നിർമ്മിക്കാനുള്ള സൗകര്യം ഇതിലൂടെ തുറന്നുകൊടുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 'മിഷൻ സമുദ്ര', 'കേരള മാരിടൈം പോളിസി' എന്നിവയിലൂടെ കേരളത്തിന്റെ തീരപ്രദേശങ്ങളെയും, 'സതേൺ കേരള ഇക്കണോമിക് കോറിഡോർ' വഴി ദക്ഷിണ കേരളത്തെയും സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് യുഡിഎഫിന്റെ ഗൂഢലക്ഷ്യം. തീരദേശവാസികളുടെ കണ്ണിൽ പൊടിയിടാൻ ഫിഷറീസ് സപ്ലെയർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നിൽ മറ്റ് അജണ്ടകളുണ്ടെന്ന് സംശയിക്കണം.


ആരോഗ്യ മേഖലയിലും പ്ലാനിങ് ബോർഡിന്റെ കാര്യത്തിലും കേന്ദ്രത്തിന്റെ അതേ കോർപ്പറേറ്റ് യുക്തി തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 'ഹെൽത്ത് ആൻഡ് സയൻസ് സിറ്റി' ആശുപത്രി-ഫാർമ മേഖലകളിലേക്ക് സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ഒന്നാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ കൈയടക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര ഭീമന്മാർക്കും സ്വകാര്യ കുത്തകകൾക്കും പച്ചക്കൊടി കാണിക്കുന്ന ബജറ്റിൽ സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്താൻ ഒരു പ്രഖ്യാപനവുമില്ല. കേന്ദ്ര സർക്കാർ പ്ലാനിങ് കമ്മീഷൻ നിർത്തലാക്കി നീതി ആയോഗ് കൊണ്ടുവന്നതുപോലെ, സംസ്ഥാന പ്ലാനിങ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേരളവും അതേ ആശങ്കാജനകമായ വഴിയിലേക്കാണ് നീങ്ങുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home