52 പേർക്ക് നാളെ നിയമന ഉത്തരവ് കൈമാറും
സർക്കാരിന്റെ കരുതലിൽ, ഇവർ ഉയരങ്ങളിലേക്ക്

കെ വി രഞ്‌ജിത്
Published on Nov 03, 2025, 02:30 AM | 1 min read
കാസർകോട്
പുതിയ കാലം ആവശ്യപ്പെടുന്നത് പുതിയശേഷികളും നൈപുണ്യങ്ങളുമാണ്. അത് തിരിച്ചറിഞ്ഞ് ജില്ലാപഞ്ചായത്തും പട്ടികജാതി– പട്ടികവർഗ വികസന വകുപ്പും ആവിഷ്കരിച്ച പദ്ധതിയിൽ പരിശീലനം നേടിവരുന്നവർക്ക് പൂർത്തിയാകുന്നതിനുമുന്നേ ജോലി ലഭിച്ചാലോ. ഇത്തരത്തിൽ നൈപുണ്യവികസന പദ്ധതിയിൽപ്പെടുത്തി പരിശീലനം ലഭിച്ചുവരുന്ന 52 പേർക്കും രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കന്പനികളിൽ നിയമനം ലഭിച്ചു. ‘‘ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇൗ അവസരം, നല്ല ജോലി വേണമെന്നുണ്ടായിരുന്നു. നല്ല പരിശീലനം കിട്ടി. അതിനിടയിലെ അഭിമുഖത്തിൽ അറിയുന്ന കാര്യങ്ങൾ പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞ് അജ്മാനിലെ ഫെയ്‌ൻ സ്‌റ്റീൽ മാനുഫാക്‌ചറിങ് കന്പനിയിൽനിന്ന് വിളിയെത്തി. നല്ല ജോലി വാഗ്‌ദാനം ചെയ്‌ത്’’– കുന്നുംകൈ വണ്ണാത്തിക്കാനത്തെ ശ്രീരാജ് രവീന്ദ്രന്റെ വാക്കുകളിലുണ്ട് സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ നേടിയ ജോലിയുടെ അഭിമാനം. ‘‘ഐടിഐ കഴിഞ്ഞതായിരുന്നു. നല്ല ജോലിക്കായി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ പരിശീലന കാര്യമറിഞ്ഞത്. കോഴ്‌സ് പൂർത്തിയാക്കുംമുന്പേ ദുബായിൽ ജോലി കിട്ടി’’– എൻ നാഹുലിന്റെ വാക്കുകളിലുമുണ്ട് സന്തോഷം. ഇവരടക്കം പരിശീലനം പൂർത്തിയാക്കിയ 52 പേർക്കാണ് വിവിധ കന്പനികളിൽ നല്ല ശന്പളത്തിൽ ജോലി ലഭിച്ചത്. തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ സിഎൻസി ടേണിങ് ആൻഡ് വെർട്ടിക്കൽ മില്ലിങ് മെഷീൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. പദ്ധതിയിൽ പരിശീലനം, യാത്ര, മറ്റുചിലവുകൾ, പോസ്‌റ്റ് പ്ലേസ്‌മെന്റ് ഉൾപ്പെടെ എല്ലാം സൗജന്യമായിരുന്നു. ഇവർക്കുള്ള വിവിധ കന്പനികളുടെ ഓഫർ ലെറ്റർ ചൊവ്വ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പരിസരത്തെ ചടങ്ങിൽ മന്ത്രി എം ബി രാജേഷ് നൽകും.








0 comments