1630 ദിനങ്ങൾ, 23,819 വീടുകൾ
ലൈഫ് പറയും ജീവിതകഥകൾ

പി പി സതീഷ്‌കുമാർ
Published on Nov 11, 2025, 03:00 AM | 2 min read
കാസർകോട്
മാനം കറുക്കുന്പോഴും കാറ്റ് ആഞ്ഞുവീശാൻ തുടങ്ങുന്പോഴും പഴകിപ്പൊളിഞ്ഞ വീട്ടിൽനിന്ന് ഗീതയും മക്കളും പലായനത്തിനൊരുങ്ങും. കൈയിൽ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി ഓട്ടോയിലോ കിട്ടിയ വാഹനത്തിലോ ഉപ്പിലിക്കൈയിലെ തറവാട്ടുവീട്ടിലേക്ക്. കഴുക്കോലും പട്ടികയും ദ്രവിച്ചും ഓടുകൾ ഇളകിവീണും ഏത് നിമിഷവും നിലംപൊത്താമെന്ന മട്ടിലാണവരുടെ പഴകിയ കുഞ്ഞുവീട്. എല്ലാ വർഷകാലത്തും ഇവിടെ നിന്നും പലവട്ടം കെട്ടിപ്പെറുക്കി ജീവനും കൊണ്ടോടണം. ഓടിയോടി മനം മടുത്തപ്പോഴാണ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചത്. മൂന്നാമത്തെ തവണ വീട് പാസായി. മാസങ്ങൾക്കകം സുന്ദരമായ വീടുയർന്നു. അന്നുതൊട്ട് സമാധാനത്തോടെ ഉറങ്ങാനാവുന്നുണ്ട് മടിക്കൈ കണിയിലെ ഗീതയ്‌ക്കും മക്കൾക്കും. ലൈഫ് വിഹിതം നാലുലക്ഷവും തൊഴിലുറപ്പ് പദ്ധതിയിൽ 90 തൊഴിൽദിനങ്ങളും ചേർന്നപ്പോൾ വീടുയർന്നു. കുടുംബശ്രീയിൽനിന്ന് അന്പതിനായിരവും ബാങ്കിൽനിന്ന് മുക്കാൽ ലക്ഷവും വായ്‌പയെടുത്ത് മിനുക്കുപണികൾ ഉൾപ്പെടെ തീർത്ത് രണ്ടുമാസം മുന്പ് താമസം തുടങ്ങി. ഭിന്നശേഷിക്കാരനായ ഭർത്താവ് അനിൽ കുമാർ ഹോട്ടൽ തൊഴിലാളിയാണ്. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ മനസ് തുറന്ന് ചിരിക്കാനാവുന്നുണ്ട് ഇൗ കുടുംബത്തിന്. ലൈഫ് പദ്ധതിയിൽ നാലര വർഷത്തിനിടെ 18,349 കുടുംബങ്ങൾക്ക് ജില്ലയിൽ ഇത്തരത്തിൽ വീട് ഒരുങ്ങിയിട്ടുണ്ട്. 5,470 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതുകൂടി ചേരുന്പോൾ വീടുകൾ 23,819 ആവും. 1630 ദിവസങ്ങൾ കൊണ്ടായിരുന്നു ഈ മാജിക്. ഓരോ ദിവസവും 15 വീടുകൾ! എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ലൈഫ് ഭവന പദ്ധതി ജീവിതം മാറ്റിമറിച്ചതിന്റെ നൂറുനൂറുകഥകൾ ഈ വീടുകളിലെ മനുഷ്യർ പറയും. വീടൊരുക്കി അതിദാരിദ്ര്യ മുക്തിയിലേക്ക് അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ 145 ഭവനരഹിതരിൽ 105 പേരുടെ വീടുകൾ പൂർത്തിയായി. ഭൂമിയും വീടുമില്ലാത്ത 120 കുടുംബങ്ങളിൽ 50 പേരുടെ വീടുകളും പണിതീർന്നു. 110 വീടുകൾ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. നേരത്തെ വിവിധ ഭവനപദ്ധതികളിൽ ധനസഹായം അനുവദിച്ച് പാതിവഴിയിലായ വീടുകൾ പൂർത്തിയാക്കുകയെന്ന ദൗത്യമാണ് ലൈഫ് ദൗത്യം ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തത്. ഇൗ പട്ടികയിലെ 2,917 വീടുകളിൽ 2,888 വീടുകൾ പൂർത്തിയാക്കി. രണ്ടാംഘട്ടം ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീടുകളായിരുന്നു. കുടുംബശ്രീ സർവേയിൽ 3,670 ഗുണഭോക്താക്കളെ കണ്ടെത്തി. ഇവരിൽ 3,633 ഗുണഭോക്താക്കളിൽ 3,596 പേരുടെ വീടുകൾ പൂർത്തിയായി. 37 വീടുകൾ നിർമാണത്തിൽ. നാല് ലക്ഷമാണ് സർക്കാർ വിഹിതം. വിദൂരസങ്കേതങ്ങളിലുള്ള പട്ടിക വർഗക്കാർക്ക് ആറു ലക്ഷം രൂപ ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 തൊഴിൽ ദിനങ്ങളുമുണ്ട്. ഭൂമിയില്ലാത്തവർക്കും വീടൊരുങ്ങി ഭൂമിയും വീടുമില്ലാത്തവരെ കണ്ടെത്തി വീട് നൽകുന്നതായിരുന്നു മൂന്നാംഘട്ടം. ഈ പട്ടികയിലെ 1,093 കുടുംബങ്ങളിൽ 1,023 വീടുകൾ പൂർത്തിയായി. 70 വീടുകൾ പണി തുടങ്ങി. പട്ടികജാതി, പട്ടികവർഗം, ഫിഷറീസ് വകുപ്പുകൾ ഭവനരഹിതരുടെയും ഭൂരഹിതരുടെയും പട്ടിക ലൈഫ് മിഷന് കൈമാറുന്നതായിരുന്നു അടുത്തഘട്ടം. ഇവ പഞ്ചായത്തുകൾ അർഹത പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കും. ഇതിൽ ഉൾപ്പെടെ 1,093 വീടുകളിൽ 1,023 എണ്ണം പൂർത്തിയായി. 70 വീടുകൾ നിർമാണത്തിലാണ്. ഇൗ പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതരിൽ 2465 ഗുണഭോക്താക്കളിൽ 2,010 കുടുംബങ്ങളുടെ വീടുകൾ പൂർത്തിയായി. 455 വീടുകൾ നിർമാണത്തിലാണ്. ഭൂരഹിത ഭവനരഹിതരായ 166 കുടുംബങ്ങളിൽ 93 പേർക്ക് വീടായി. 73 വീടുകൾ നിർമാണത്തിൽ. ലൈഫ് പട്ടികയിൽ ഇടം കിട്ടാത്ത അർഹരായ ഗുണഭോക്താക്കളെ കൂട്ടിച്ചേർക്കുന്നതിനായി അപേക്ഷ സ്വീകരിച്ച ലൈഫ് 2020 പട്ടികയിൽ ഭൂമിയുള്ള ഭവനരഹിതരിൽ കരാർ ഒപ്പുവച്ചത് 4,183 പേരാണ്. ഇതിൽ 3,033 വീടുകൾ പണി തീർന്നു. 1150 വീടുകൾ നിർമാണത്തിലാണ്. ഇതിൽ ഭൂരഹിത ഭവനരഹിതരുടെ അർഹരുടെ പട്ടികയിലെ 332 പേർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 39 വീടുകൾ പൂർത്തീകരിച്ചു. 293 വീടുകൾ നിർമാണത്തിലാണ്. ലൈഫ് പിഎംഎവൈ പദ്ധതിയിൽ 1942 വീടുകൾ നിർമിച്ചു. 824 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ചെമ്മനാട് ചട്ടഞ്ചാലിൽ ഭൂരഹിത ഭവനരഹിതർക്കായുള്ള ഫ്ലാറ്റ് സമുച്ചയം നിർമാണം അന്തിമഘട്ടത്തിലാണ്.









0 comments