കിളിമഞ്ചാരോ തൊട്ട് കുറ്റിക്കോലുകാരി
ആഗ്രഹത്തിനുമുന്നിൽ കൊടുമുടി കീഴടങ്ങി

കുറ്റിക്കോൽ കാഞ്ഞിനടുക്കത്തെ രാജിമോൾ ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടിയുടെ ഉയരത്തിൽ ദേശീയ പതാകയുമായി
ഡി വിൻലാൽ
Published on Jan 31, 2026, 02:30 AM | 1 min read
കുറ്റിക്കോൽ
ചുറ്റും മഞ്ഞുപാളികൾ, കാറ്റിന്റെ മൂളൽ, ശ്വാസം മുട്ടിക്കുന്ന ഉയരം. റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയുടെ ആകാശത്ത് കിളിമഞ്ചാരോയുടെ ശിഖരത്തിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർന്നു. കുറ്റിക്കോൽ കാഞ്ഞിനടുക്കത്തെ പി രാജിമോളും സംഘവുമാണ് ചരിത്രം രചിച്ചത്. ലോകത്തെ ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികളും കീഴടക്കിയ പർവ്വതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാന്റെ നേതൃത്വത്തിൽ എട്ട് മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിന്റെ മുകളിൽ ദേശീയ പതാക നാട്ടിയത്. രാജേഷ് മേനോൻ, രതീഷ് കൃഷ്ണൻ, അജയ് മോഹൻ, ഹുസൈഫ് അബ്ദുൽ ഖാദർ, ടോം, അഞ്ജു എന്നിവരാണ് സംഘത്തിലുള്ളവർ. ടാൻസാനിയ കെനിയ അതിർത്തിയിൽ ഉയർന്നുനിൽക്കുന്ന ഈപർവതം ആഫ്രിക്കയുടെ മേൽക്കൂര എന്നാണ് അറിയപ്പെടുന്നത്. ഏഴുദിവസത്തിനുള്ളിൽ ലക്ഷ്യമിട്ട കൊടുമുടി യാത്ര ആറുദിവസത്തിനകം പൂർത്തിയാക്കി. യാത്ര ആരംഭിച്ചത് മഴക്കാട് മേഖലകളിലൂടെ. പുൽമേടുകളിലൂടെയും ആൽപൈൻ മരുഭൂമിയിലൂടെക്കും ഒടുവിൽ മഞ്ഞു നിറഞ്ഞ പർവത പാതകളിലൂടെയും യാത്ര തുടർന്നു. അഞ്ച് വ്യത്യസ്ത കാലാവസ്ഥ മേഖലകളിലൂടെ കടന്നുപോകുന്ന യാത്ര മനസിനെയും ശരീരത്തെയും പരീക്ഷിക്കുന്നുവെന്ന് യാത്ര സംഘം പറയുന്നു. കൊടുമുടിയുടെ ഉയരമാണ് വെല്ലുവിളി. 2500 മീറ്റർ മുകളിലെത്തുമ്പോൾ ഓക്സിജൻ കുറയും. വായുമർദ വ്യതിയാനംമൂലം തലവേദന, ഛർദ്ദി, ഉറക്കമില്ലായ്മ തുടങ്ങിയവ ഉണ്ടാകും. അതിനാൽ വളരെ സാവധാനം മാത്രമേ യാത്ര സാധ്യമാകൂ. രാത്രികളിൽ കഠിനമായ തണുപ്പാണ്. താഴ്‌വരയിൽ 30 ഡിഗ്രി ചൂടുണ്ടെങ്കിൽ മുകളിൽ മൈനസ് 20 ഡിഗ്രി വരെ താഴും. ഓരോ ആറ് മീറ്റർ ഉയരത്തിനും ആറ് ഡിഗ്രി വീതം താപനില കുറയും. 33 മണിക്കൂർ വിശ്രമമില്ലാതെ ദുർഘട പാതയിലൂടെ കൊടുമുടി കയറിയ സംഘം മാനസിക ധൈര്യം കൊണ്ട് മാത്രമാണ് ലക്ഷ്യം കൈവരിച്ചതെന്ന് രാജിമോൾ പറഞ്ഞു.










0 comments