നവീകരണം മെയ്‌മാസം പൂർത്തിയാകും
കാസർകോട്–കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാത ഹൈടെക് ആകും

നാരായണൻ കരിച്ചേരി
Published on Feb 22, 2026, 03:00 AM | 1 min read
ഉദുമ
കാസർകോട്–കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാത ഹൈടെക് ആകും. നിലവിലുള്ള പാത ആധുനിക നിർമാണ രീതിയായ ബിറ്റുമിനസ് കോൺക്രീറ്റ് പാതയാക്കി നവീകരിക്കുന്ന പ്രവൃത്തികൾ അതിവേഗം നടന്നുവരികയാണ്. 27.780 കിലോമീറ്റര്‍ റോഡ് 38 കോടി രൂപ ചെലവിലാണ് ബിറ്റുമിൻസ് കോൺക്രീറ്റ് മേൽപാളി വിരിച്ച് നവീകരിക്കുന്നത്. മേയ് മാസത്തോടെ റോഡ് നവീകരിച്ച് പൂർണ സജ്ജമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതോടെ ഈ മേഖലയിൽ തീരദേശത്തെ ഒരേ കണ്ണിയിൽ കോർക്കുന്നവിധം ദേശീയപാതയോട് കിടപ്പിടിക്കുന്ന റോഡ് യാഥാർഥ്യമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം. കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ബിറ്റുമിനസ് കോൺക്രീറ്റിന്റെ മുന്നോടിയായുള്ള അറ്റകുറ്റ പണികളും ഡ്രൈനേജ്, ഇന്റർലോക്ക് ജോലികളുംചെയ്തുവരുന്നുണ്ട്. തൃക്കണ്ണാട്, ബേക്കൽ, ചെമ്മനാട് ഭാഗങ്ങളിൽ റോഡ് ഉയർത്തി, പാച്ച് വർക്ക് ഒരു ഭാഗം പൂർത്തിയാക്കി, മറുഭാഗത്ത് പണി നടക്കുന്നു. അടുത്ത ആഴ്ചയോടെ ടാറിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡ് കടന്നുപോകുന്ന ചില ടൗണുകളും ഇന്റർലോക്കുചെയ്ത് അഭിവൃദ്ധിപ്പെടുത്തും. 8.50 കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് മെക്കാഡം അറ്റകുറ്റപണിയും ആവശ്യമായി വരും. കീഴൂർ, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ ഉൾപ്പെടെയുള്ള മത്സ്യബന്ധന മേഖലകൾ, ബേക്കൽ, ചന്ദ്രഗിരി കോട്ട, പള്ളിക്കര, ബേവൂരി ബീച്ചുകൾ, മൂന്നു പഞ്ചനക്ഷത്ര ഹോട്ടുകൾ കൂടാതെ ചരിത്ര പ്രസിദ്ധമായ ആരാധനാലയങ്ങളുമെല്ലാം ഉൾപ്പെടുന്ന ഇവിടെത്തെ കാഞ്ഞങ്ങാട്–കാസർകോട് തീരദേശം സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരമേഖല കൂടിയാണ്. ഉറപ്പുള്ളതും മനോഹരവുമായ പാത ടൂറിസത്തിനും മുതൽകൂട്ടാകും. നിലവിലുള്ള റോഡിന്റെ പാളി നീക്കംചെയ്ത് ആവശ്യമായ ഇടങ്ങളിൽ അറ്റകുറ്റപണി കൂടി വരുത്തിയുമായിരിക്കും നവീകരണം. 60-50 മില്ലീമീറ്റർ കനത്തിലാണ് നിർമാണം. നിലവിലുള്ള ബിറ്റുമിനസ് കോൺക്രീറ്റിന്റെ ഉപരിതലത്തിന് മുകളിലുള്ള മേൽപാളിക്ക്, അല്ലെങ്കിൽ പാലത്തിന്റെ ഡെക്ക് സ്ലാബിന് മുകളിൽ 40 മില്ലീമീറ്റർ കനത്തിലും, മറ്റു ഭാഗങ്ങളിൽ സാധാരണ കനമായ 30 മില്ലീമീറ്ററിലും ആയിരിക്കും ബിറ്റുമിൻ കോൺക്രീറ്റ് പാളികൾ നിർമിക്കുക. കോൺക്രീറ്റ് റോഡിന്റെ കനം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.










0 comments