ക്രിയേറ്റീവ് കോർണർ സ്വയംതൊഴിൽ പഠിച്ചത് 1 ലക്ഷം കുട്ടികൾ

കെ വി രഞ്ജിത്ത്
Published on Mar 19, 2026, 03:00 AM | 1 min read
കാസർകോട് പാഠപുസ്‌തകത്തിലെ ആശയങ്ങളെ വിവിധ തൊഴിൽ നൈപുണികളുമായി ബന്ധിപ്പിച്ച് നടപ്പാക്കിയ ക്രിയേറ്റീവ് കോർണർ പദ്ധതിയിലൂടെ സംസ്ഥാനത്ത് സ്വയംതൊഴിൽ പരിശീലിച്ചത് ഒരുലക്ഷം വിദ്യാർഥികൾ. പൊതുവിദ്യാലയങ്ങളിലെ യുപിക്ലാസുകളിൽ സ്‌റ്റാർസ് പദ്ധതിയുടെ ഭാഗമായി എസ്‌എസ്‌കെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് സ്‌കൂളുകളിൽ. അറിവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം സ്വാഭാവികമായി കുട്ടികളിലുണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിയേറ്റീവ് കോർണർ തയ്യാറാക്കിയതെന്ന് എസ്‌എസ്‌കെ സംസ്ഥാന കോർഡിനേറ്റർ ബി ഷാജി പറഞ്ഞു. സംസ്ഥാനത്ത് 600 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തുകളിലും കോർപറേഷനുകളിലും നഗരസഭകളിലും ഒരോ വിദ്യാലയങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. കൃഷി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, പ്ലംബിങ്, ഫാഷൻ ഡിസൈനിങ്, പാചകം, മരപ്പണി എന്നീ ഏഴ് മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം. ഇതിനായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സിലബസിലുള്ള തൊഴിൽ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടുത്താൻ ഇതുവഴി സാധിക്കുന്നു. പാഠപുസ്‌തകങ്ങളിലെ വിവിധ വിഷയങ്ങളെയും പ്രവൃത്തി പരിചയ ആശയങ്ങളും അനുയോജ്യമായ തൊഴിൽ മേഖലകളുമായി ബന്ധിപ്പിക്കുകവഴി ജീവിത നൈപുണികൾ വികസിക്കുകയും വിവിധ തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാകുകയുംചെയ്യുന്നു. ഒരു സ്‌കൂളില്‍ 5.5 ലക്ഷം രൂപയാണ് എസ്എസ് കെ ചെലവിടുന്നത്. പിലിക്കോട് സ്‌കൂളിലെത്തൂ, തിളക്കം കാണൂ ക്രിയേറ്റീവ് കോർണറുകളുടെ തിളക്കംകാണാൻ പിലിക്കോട് ഗവ. യുപി സ്‌കൂളിയിലേക്കോ, കയ്യൂർ ജിഎച്ച്‌എസ്‌എസ്സിലേക്കോ എത്തിയാൽമതി. ചെറുപ്രായത്തിൽതന്നെ വിവിധ നിറത്തിൽ എൽഇഡി ബൾബുകൾ തയ്യാറാക്കുകയാണ് ചില കുട്ടികൾ. ഒരുഭാഗത്ത് പഴയ തുണികൾ ഉപയോഗിച്ച് മനോഹരമായ ബാഗുകൾ നിർമിക്കുന്നവർ, മറ്റൊരുഭാഗത്ത് ബാഗുകൾക്ക് എംബ്രോഡയറി വർക്കുകൾ നടത്തുന്നവർ. തൊട്ടടുത്ത് നോക്കിയാൽ വിവിധതരം ജ്യൂസുകൾ തയ്യാറാക്കുന്നവർ. മറ്റൊരിടത്ത് സ്വിച്ച് ബോർഡുകൾ തയ്യാറാക്കുന്നവർ. ചിത്രംവരയും പാചകവും യൂണിഫോമിന്റെ ഡിസൈൻ മാറ്റൽവരെ പഠിക്കാൻ ഒരിടം. സയൻസ്, സാമൂഹ്യശാസ്ത്രം, കണക്ക് വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ലാബുകളായും കോർണറുകൾ പ്രവർത്തിക്കുന്നുവെന്ന് ചെറുവത്തൂർ ബിആർസി ട്രെയിനർ യു സതീശൻ പറഞ്ഞു. കാസർകോട് ജില്ലയിൽമാത്രം 33 ക്രിയേറ്റീവ് കോർണറുകളാണുള്ളതെന്ന് എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ വി എസ് ബിജുരാജ് പറഞ്ഞു.









0 comments